ചൈനയ്ക്ക് മേല്‍ ട്രംപ് ഭരണകൂടം 145 ശതമാനം താരിഫ് ചുമത്തിയതിനു പിന്നാലെയാണ് ചൈനീസ് നാഷണല്‍ ഫിലിം അഡ്മിനിസ്ട്രേഷന്‍റെ ഈ നടപടി
യുഎസ്- ചൈന വ്യാപാര യുദ്ധം സിനിമാ മേഖലയിലേക്കും കടക്കുന്നു. ഹോളിവുഡ് സിനിമകളുടെ ചൈനീസ് മാർക്കറ്റിലെ റിലീസ് 'മിതമായ അളവിൽ' പരിമിതപ്പെടുത്താനാണ് ചൈനയുടെ തീരുമാനം. ചൈനയ്ക്ക് മേല്‍ ട്രംപ് ഭരണകൂടം 145 ശതമാനം താരിഫ് ചുമത്തിയതിനു പിന്നാലെയാണ് ചൈനീസ് നാഷണല്‍ ഫിലിം അഡ്മിനിസ്ട്രേഷന്‍റെ ഈ നടപടി.
Also Read: ട്രംപിന്‍റെ താരിഫ് ആകെ മൊത്തം 145 ശതമാനം! വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ചൈന
"ചൈനയ്ക്ക് മേല്‍ അന്യായ തീരുവ ചുമത്തുന്ന യുഎസ് സർക്കാരിന്റെ തെറ്റായ നീക്കം, അമേരിക്കൻ സിനിമകള്‍ക്കുള്ള ആഭ്യന്തര പ്രേക്ഷകരുടെ എണ്ണം കുറയ്ക്കും,"ഫിലിം അഡ്മിനിസ്ട്രേഷൻ പറയുന്നു. പ്രേക്ഷകരുടെ താല്‍പ്പര്യം കൂടി കണക്കിലെടുത്താകും 'മിതമായ രീതിയില്‍' അമേരിക്കന്‍ സിനിമകളുടെ ഇറക്കുമതി കുറയ്ക്കുകയെന്നും സംഘടന വ്യക്തമാക്കി. യുഎസിന്‍റെ താരിഫ് യുദ്ധത്തിന് മറുപടിയായി ഹോളിവുഡ് സിനിമകളെ ചൈന ലക്ഷ്യം വയ്ക്കുമെന്ന് നിരീക്ഷകന്‍ പ്രവചിച്ചിരുന്നു. 10 സിനിമകളാണ് പ്രതിവർഷം ചൈന ഹോളിവുഡില്‍ നിന്ന് സ്വീകരിക്കുന്നത്.
Also Read: താരിഫ് യുദ്ധത്തില്‍ യുഎസിനെതിരെ ചൈനയുമായി കൈകോർക്കാനില്ല; മറ്റ് കയറ്റുമതി സാധ്യതകള്‍ തേടി ഓസ്ട്രേലിയ
അമേരിക്കൻ ചലച്ചിത്ര വ്യവസായത്തിന്റെ പ്രധാന വരുമാന സ്രോതസ്സായാണ് ഒരുകാലത്ത് ചൈനീസ് വിപണി കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ചൈനയില്‍ പാശ്ചാത്യ സിനിമകളുടെ ജനപ്രീതി കുറഞ്ഞു വരുന്ന കാഴ്ചയാണുള്ളത്. ചൈനയുടെ ബോക്സ് ഓഫീസ് വരുമാനത്തിന്റെ വെറും അഞ്ച് ശതമാനം മാത്രമാണ് ഹോളിവുഡ് സിനിമകളുടെ സംഭാവന. എന്നിരുന്നാലും ചൈനയുടെ ഈ തീരുമാനം ആഗോള മാർക്കറ്റിനെ ലക്ഷ്യമാക്കി റിലീസ് ചെയ്യുന്ന ഹോളിവുഡ് സിനിമകളെ സാരമായി ബാധിച്ചേക്കും. ഈ വർഷം അവസാനം പുറത്തിറങ്ങാനിരിക്കുന്ന പാരാമൗണ്ടിന്റെ മിഷൻ ഇംപോസിബിൾ - ദി ഫൈനൽ റെക്കണിങ്, വാർണർ ബ്രദേഴ്‌സിന്റെ ഏറ്റവും പുതിയ സൂപ്പർമാൻ സിനിമ, മാർവലിന്റെ ദി ഫന്റാസ്റ്റിക് ഫോറിന്റെ പുത്യ പതിപ്പ് തുടങ്ങിയ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളെ ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.