സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും ദുരന്തബാധിതമേഖലയിൽ പരിശോധന നടത്തുന്നുണ്ട്
മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ മേഖലയിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സന്ദർശനം ഇന്നും തുടരും. കേന്ദ്രസംഘത്തിനൊപ്പം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും ദുരന്തബാധിതമേഖലയിൽ പരിശോധന നടത്തുന്നുണ്ട്. ഈ മാസം 31 വരെയാണ് സംഘങ്ങൾ ഉരുൾപൊട്ടൽ മേഖലയിൽ പരിശോധന തുടരുക.
ഇതുവരെ പ്രദേശത്ത് നിന്ന് 231 മൃതദേഹങ്ങളും, 217 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 55 മൃതദേഹങ്ങളും, 203 ശരീര ഭാഗങ്ങളും എച്ച്. എം.എൽ പ്ലാൻ്റേഷനിലെ പുത്തുമല പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. DNA പരിശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.
ALSO READ: ചൂരൽമല ദുരന്തം: ക്യാമ്പുകളായി പ്രവർത്തിച്ച സ്കൂളുകൾ നാളെ തുറക്കും
കാലാവസ്ഥ അനുകൂലമായാൽ പ്രദേശത്ത് ഇന്നും തെരച്ചിൽ തുടരും. കഴിഞ്ഞ ദിവസം കണ്ടെത്തിയ 6 ശരീരഭാഗങ്ങളിൽ 5 എണ്ണം മനുഷ്യരുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ശരീര ഭാഗങ്ങൾ സുൽത്താൻ ബത്തേരി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം വയനാട്ടിലെ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന സ്കൂളുകൾ ഇന്ന് തുറക്കും. ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെയാണ് സ്കൂളുകൾ തുറക്കുന്നത്. മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ഗവൺമെൻ്റ് എൽ പി സ്കൂൾ, വെള്ളാർമല ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ് ഇന്ന് തുറക്കുന്നത്. മന്ത്രിമാർ പങ്കെടുക്കുന്ന പ്രവേശനോത്സവം സെപ്തംബർ രണ്ടിനാണ് നടത്തുക.