മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് തറക്കല്ലിടൽ കർമം നിർവഹിക്കുക
വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് മുസ്ലീം ലീഗ് നിർമിച്ച് നൽകുന്ന 105 വീടുകളുടെ തറക്കല്ലിടൽ കർമം ഇന്ന് നടക്കും. മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോട് മുട്ടിലിലാണ് വീടുകൾ നിർമ്മിക്കുന്നത്. 8 സെൻ്റ് ഭൂമിയിൽ നിർമിക്കുന്ന വീടിൻ്റെ ഉടമസ്ഥാവകാശം പൂർണമായി ദുരന്ത ബാധിതർക്ക് കൈമാറും. മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ കർമം നിർവഹിക്കും.
മുട്ടിൽ പ്രധാന റോഡിനോട് ചേർന്നാണ് ദുരന്ത ബാധിതർക്കായി 105 ഭവനങ്ങൾ ഒരുങ്ങുന്നത്. 11 ഏക്കറിലായി 1000 ചതുരശ്ര അടിയിലാണ് വീടുകൾ നിർമിക്കുന്നത്. ഭാവിയിൽ 2000 ചതുരശ്ര അടിയിൽ വീട് നിർമിക്കാവുന്ന തരത്തിലാണ് രൂപകൽപ്പന. സർക്കാർ തയ്യാറാക്കിയ ലിസ്റ്റിൽ ഉൾപ്പെട്ട 105 പേർക്കാണ് വീട് നൽകുക. ദുരന്ത ബാധിതരുടെ ആവശ്യം കൂടി പരിഗണിച്ചാണ് മേപ്പാടിയിൽ തന്നെ ഭൂമി കണ്ടെത്തിയതെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. കൽപ്പറ്റയിലേക്കും മേപ്പാടിയിലേക്കും ഒരു പോലെ എത്താൻ സാധിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറിയ ഭൂമിയിലാണ് വീട് നിർമാണം.
മൂന്ന് മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് വീടിന്റെ ഘടന. ശുദ്ധജലവും വൈദ്യുതിയും ഉറപ്പാക്കും. 8 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുസ്‌ലീം ലീഗ് ജില്ലാ നേതാക്കൾ പറഞ്ഞു. നേരത്തെ, സർക്കാരിൻ്റെ പുനരധിവാസ പദ്ധതിയിൽ വീട് നൽകുമെന്നായിരുന്ന ലീഗ് പ്രഖ്യാപിച്ചത്. എന്നാൽ സർക്കാർ പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നു എന്നാരോപിച്ചാണ് സ്വന്തം നിലയിൽ വീട് നിർമാണം തുടങ്ങുന്നത്. ഇന്ന് ഉച്ചക്ക് വയനാട് മുസ്ലീം ഓർഫനേജ് ഓഡിറ്റോറിയത്തിൽ ശിലാസ്ഥാപന ചടങ്ങുകൾ പാണങ്ങാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.