കോടതി നിർദേശങ്ങളിൽ പോസിറ്റീവായ പലതുമുണ്ട്. പരാതി ഉയർത്തുന്നവരെ കേൾക്കാൻ കോടതി തയ്യാറായി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ പ്രതികരിച്ച് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സുപ്രീം കോടതിയുടെ നടപടി പ്രത്യാശ പകരുന്നതാണ്. കോടതി നിർദേശങ്ങളിൽ പോസിറ്റീവായ പലതുമുണ്ട്. പരാതി ഉയർത്തുന്നവരെ കേൾക്കാൻ കോടതി തയ്യാറായി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒരാഴ്ച എങ്കിലും നീട്ടിയത് ആശ്വാസം പകരുന്നുണ്ട്. കോടതി നടപടികൾക്ക് താത്ക്കാലിക സ്റ്റേയുടെ സ്വാഭാവമുണ്ട്.വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുണ്ട്. ആയതിനാൽ തന്നെ ശുഭാപ്തി വിശ്വാസമുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. മുനമ്പം വിഷയത്തിൽ നടപടികൾ വൈകിക്കുന്നതാണ് സർക്കാർ ചെയ്യുന്ന തെറ്റ്. ചർച്ചയ്ക്ക് വിളിച്ച് വിഷയം വീണ്ടും നീട്ടാൻ ആണോയെന്നറിയില്ലെന്ന ആശങ്കയും കുഞ്ഞാലിക്കുട്ടി പങ്കുവച്ചു.
വഖഫ് വിഷയത്തിൽ സുപ്രീം കോടതി വിശദമായി വാദമുഖങ്ങൾ കേട്ടത് ആശ്വാസകരമെന്നായിരുന്നു എം.കെ. മുനീർ എംഎൽഎയുടെ പ്രതികരണം. ജനാധിപത്യം, ഭരണഘടന മൂല്യം കാത്തു സൂക്ഷിക്കപ്പെടും എന്ന് കോടതി നിരീക്ഷണത്തിൽ നിന്ന് മനസിൽ ആകുന്നു. ഭരണഘടന ലംഘിക്കുന്ന അനുഛേദങ്ങൾ ഇതിൽ ഉണ്ട്. അതിനെ സുപ്രീം കോടതി ചോദ്യം ചെയ്യുന്നു എന്ന് മനസിലാകുന്നുവെന്നും മുനീർ പറഞ്ഞു. വാദങ്ങളെ ഗൗരവം ആയി സുപ്രീം കോടതി എടുത്തിട്ടുണ്ട്.
ഭരണഘടന വിരുദ്ധമായ ഒന്നും പാസാക്കാൻ പാർലമെൻ്റിന് കഴിയില്ല. അങ്ങനെ എങ്കിൽ ആദ്യം ഭരണഘടനയെ ഭേദഗതി ചെയ്യേണ്ടി വരുമെന്നും മുനീർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അനുകൂല ഉത്തരവ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.നിയമം കോടതി ഇഴ കീറി പരിശോധിക്കണം. 5ന് ഹർജി എടുക്കണോ എന്നെല്ലാം കോടതിയുടെ വിവേചന അധികാരമാണ്.
വഖഫ് ഭേദഗതി സുപ്രീം കോടതിയുടെ ഇടക്കാല വിധി സ്വാഗതാർഹമെന്നായിരുന്നു കെ. സി. വേണുഗോപാലിൻ്റെ പ്രതികരണം. സഭാ നേതൃത്വത്തെ പോലും കേന്ദ്ര സർക്കാർ കബളിപ്പിച്ചു. പാർലമെൻ്റിലടക്കം കോൺഗ്രസ് ഉയർത്തിയ വാദങ്ങൾ പോലും സുപ്രീം കോടതി ആവർത്തിച്ചുവെന്നും കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് നേതാക്കൾ അവരുടെ അഭിപ്രായം അറിയിച്ചത്. വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എക്‌സ് ഓഫീഷ്യോ അംഗങ്ങളൊഴികെ, വഖഫ് ബോര്‍ഡിലെയും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലെയും എല്ലാംഗങ്ങളും മുസ്ലീങ്ങള്‍ ആയിരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.