കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം
ഒരാളുടെ പരാമർശം ആത്മഹത്യക്ക് പ്രേരണയാകുമോയെന്ന് സുപ്രീം കോടതി. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഒരാളുടെ പരാമർശം ആത്മഹത്യക്ക് പ്രേരണയാമാകുയെന്നും, എല്ലാ സംഭവങ്ങളിലും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാവില്ലന്നും കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാട്ടിയായിരുന്നു ഹർജി. കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യയെ ഏക പ്രതിയാക്കിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. ആസൂത്രിതമായ അധിക്ഷേപമാണ് ദിവ്യ നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ALSO READ: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; കുടുംബത്തിൻ്റെ ഹർജി തള്ളി സുപ്രീം കോടതി
"മറ്റുള്ളവരുടെ ഇടപെടലൊന്നും പരാമർശിച്ചിട്ടില്ല. അതുകൊണ്ടാണ് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടത്. പി.പി. ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം. എസ്ഐടി രൂപീകരിച്ചത് കൊണ്ടുള്ള വ്യത്യാസം മനസ്സിലാകുന്നില്ല. ലോക്കൽ പൊലീസിൻ്റെ റിപ്പോർട്ടിന് സമാനമാണ് എസ്ഐടി അന്വേഷണവും നടന്നത്. ആദ്യ പൊലീസ് സംഘം അന്വേഷിക്കുന്നതിൽ നിന്ന് വ്യത്യാസമൊന്നും തോന്നുന്നില്ല". വേറൊരു അന്വേഷണ ഏജൻസി വേണമെന്നുമായിരുന്നു കുടുംബത്തിൻ്റെ ആവശ്യം.
2024സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.