അർഥമില്ലാത്തെ, ഉപയോഗശൂന്യമായ, ചവറ് മീമുകളാൽ നിറഞ്ഞിരിക്കുകയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ
പണ്ടൊക്കെ ഇൻസ്റ്റഗ്രാമും ടിക്ടോക്കുമെല്ലാം ഡാൻസും, അഭിനയവും, ഇത്തിരി ക്രിയേറ്റീവായ മീമുകളുമെല്ലാമായി ആളുകളുടെ കഴിവ് കാണിക്കാനായാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, ഇന്ന് കഥ മാറി. എന്താണ് സോഷ്യൽ മീഡിയ ഫീഡിൽ വരുന്നതെന്ന് നമ്മൾക്ക് പോലും ചിലപ്പോൾ മനസിലാവാറില്ല. ഇതൊക്കെ കണ്ട് കഴിഞ്ഞാൽ നമ്മുടെ തലച്ചോറ് ചോദിക്കും, എന്തിനാ ഇതിപ്പോ കണ്ടേ? എന്നാൽ നമുക്കിത് കാണാതിരിക്കാനും പറ്റില്ല. അങ്ങനെ വളരെ വിചിത്രമായ, അത്ര തന്നെ ഉപയോഗ ശൂന്യമായ ബ്രെയിൻ റോട്ട് മീമുകളാണ് ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ.
ബോംബാർഡീനോ ക്രൊക്കഡൈൽ, ടുങ് ടുങ് ടുങ് ടുങ് ടുങ് ടുങ് ടുങ് സഹൂർ, ത്രലലേറോ ത്രലാലെ, ബലേറീന കപ്പിച്ചീനോ, ഈ വാക്കുകളോ ആദ്യമായി കേൾക്കുന്നവരാണോ നിങ്ങൾ. ആണെങ്കിൽ ഇറ്റാലിയൻ ബ്രെയിൻ റോട്ട് നിങ്ങളുടെ ഫീഡിനെ ബാധിച്ചിട്ടില്ലെന്ന് അർഥം. ഇങ്ങനെ അർഥമില്ലാത്തെ, ഉപയോഗശൂന്യമായ, ചവറ് മീമുകളാൽ നിറഞ്ഞിരിക്കുകയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ. എന്താണ് ശരിക്കും ഇതൊക്കെ? ഇതിൻ്റെ തുടക്കം എവിടെ നിന്നാ? ആരാ ഈ മീമുകളുടെ ക്രിയേറ്റേഴ്സ്?
ഇതെല്ലാം പറയും മുമ്പായി ബ്രെയിൻ റോട്ടിനെക്കുറിച്ച് സംസാരിക്കാം. അനാവശ്യ ഡിജിറ്റൽ കണ്ടൻ്റുകൾ കൺസ്യൂം ചെയ്യുന്നത് വഴിയുണ്ടാകുന്ന പ്രത്യേകതരം കണ്ടീഷനാണ് ബ്രെയിൻ റോട്ട്. നിങ്ങൾ എന്തിനാണീ റീൽ കണ്ടതെന്ന് പോലും മനസിലാകാത്ത അവസ്ഥ, എന്നാൽ സ്ക്രോൾ ചെയ്യുന്നത് നിർത്താൻ കഴിയാത്ത അവസ്ഥ. തലച്ചോറ് അഴുകുന്ന അവസ്ഥ. ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷി ബ്രെയിൻ റോട്ട് വഴി നമുക്ക് നഷ്ടമാകും. കോൺസൻട്രേഷൻ സ്പാൻ കുറയും. 1 മിനുറ്റിൽ കൂടുതലുള്ള ഒരു വീഡിയോ കണ്ട് തീർക്കാൻ നിങ്ങൾ പാട് പെടുകയാണെങ്കിൽ, ഈ വീഡിയോ പോലും പൂർണമായി കാണാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ സൂക്ഷിച്ചോളൂ, നിങ്ങളും ബ്രെയിൻ റോട്ട് അവസ്ഥയിലായിരിക്കാം.
ALSO READ: ആനന പാറ്റയെ! ഇൻ്റർനെറ്റ് ലോകം തിരയുന്നു, വൈറൽ തായ് ഗാനത്തിൻ്റെ അർഥമെന്ത്?
ഇനി ബ്രെയിൻ റോട്ട് മീമുകളുടെ കാര്യമെടുക്കാം. കാണുന്നത് വഴി ഒരുപയോഗവും ഇല്ലാത്ത, ചിലപ്പോൾ തമാശ പോലും ഇല്ലാത്ത മീമുകളാണ് ബ്രെയിൻ റോട്ട് മീമുകൾ. ഇങ്ങനെയുള്ള അനാവശ്യ മീമുകൾ കാണുന്നത് വഴി നിങ്ങൾക്കും നിങ്ങളുടെ തലച്ചോറിനും ഒരുപയോഗവും ഇല്ലെന്ന് ക്രിയേറ്റേഴ്സ് തന്നെ പേരിലൂടെ പറയുന്നുണ്ട്. നിങ്ങൾക്കും അറിയാമായിരിക്കും. ഇങ്ങനെ ഒരുപയോഗവും, അർഥവുമില്ലാത്ത, ചിലപ്പോൾ എന്തിന് കണ്ടെന്ന് പോലും തോന്നി പോകുന്നവയാണ് ബ്രെയിൻ റോട്ട് മീമുകൾ.
ചിലരെങ്കിലും ഈ ബ്രെയിൻ റോട്ട് കണ്ടീഷനെ ഒരു ബഹുമതിയായാണ് കാണുന്നവരാണ്. അത്തരം ആളുകൾക്കിടയിലേക്കാണ് ഇറ്റാലിയൻ ബ്രെയിൻ റോട്ട് മീമുകളെത്തുന്നത്. 2025 ജനുവരിയിൽ ടിക്ടോകിലാണ് ഇത്തരം എഐ ജനറേറ്റഡ് ബ്രെയിൻ റോട്ട് മീം ആദ്യം പ്രത്യക്ഷപ്പെടുന്നത്. ത്രലലേറോ ത്രലാലെ എന്ന നൈക്ക് ഷൂസ് ധരിച്ച വലിയ വെള്ള സ്രാവിന്റെ മീമായിരുന്നു തുടക്കം. കൂടെ ഇറ്റാലിയൻ റോബോട്ടിക് ടോണുമുണ്ടായിരുന്നു. എല്ലാം എഐ ജനറേറ്റഡ്. 7 മില്ല്യണിലധികം ആളുകളാണ് ആ വീഡിയോ കണ്ടത്.
പിന്നാലെ മീമുകൾ വൈറലാവാൻ തുടങ്ങി. കേൾക്കുമ്പോൾ പ്രാസമുള്ള, എന്നാൽ അർഥമില്ലാത്ത വിവരണങ്ങളുമായി പല തരം കാരക്ടേഴസിനെ എഐ വെച്ച് ക്രിയേറ്റ് ചെയ്യാൻ തുടങ്ങി. ഇവർ തമ്മിലുള്ള യുദ്ധവും, ഫാൻഫൈറ്റുമെല്ലാമായി, പതുക്കെ പതുക്കെ ഒരു ബ്രെയിൻ റോട്ട് യൂണിവേഴ്സ് തന്നെ ഉണ്ടായി. ഇറ്റാലിയൻ മീമുകൾക്ക് പുറമെ, ജെർമൻ, ഇന്തോനേഷ്യൻ മീമുകളും ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്ക്രോൾ ചെയ്ത് ചെയ്ത് ബ്രെയിൻ റോട്ട് മീമുകൾ കണ്ടവർ ഇതേത് യൂണിവേഴ്സെന്ന് ചോദിച്ച് വായ പൊളിച്ചിരിക്കുകയാണ്.
ഇതെല്ലാം സില്ലിയാണെന്ന് അറിഞ്ഞിട്ട് വീണ്ടും വീണ്ടും ഗൗരവത്തോടെ വിഷയം ചർച്ച ചെയ്യുന്നവർ ഒരിടത്ത്. എന്തോ വലിയ കാര്യം നേടിയ പോലെ എല്ലാ ക്യാരക്ടേഴ്സിനെയും ഐഡിൻ്റഫൈ ചെയ്യുന്നവർ മറ്റൊരിടത്ത്. ഇതും ആധുനിക മീം കൾച്ചറിൻ്റെ ഭാഗമാണ് കേട്ടോ. അതായത്, വെറും തമാശ.
ഇനി ചില മീമുകളുടെ എല്ലാം അർഥം പരിശോധിക്കുകയാണെങ്കിൽ ഇത്തരം റീലുകൾ സ്കിപ് ചെയ്യാൻ നിങ്ങൾക്ക് ഉറപ്പായും തോന്നും. ഇൻസ്റ്റഗ്രാമിൽ വൻ ഫാൻ ബേസുള്ള ബോംബാർഡീനോ ക്രൊക്കഡൈലിൻ്റെ കാര്യമെടുക്കാം. ഈ എഐ കാരക്ടറിനെ ഇൻട്രഡ്യൂസ് ചെയ്തപ്പോൾ, ക്രിയേറ്റർ നൽകിയ സൗണ്ടിൻ്റെ വിവർത്തനം ഇങ്ങനെയാണ്.
"ബോംബാർഡീനോ ക്രൊക്കഡീലോ, പലസ്തീനിലെ, ഗാസയിലെ കുഞ്ഞുങ്ങൾക്ക് നേരെ ബോംബിടുന്നവൻ. അവൻ വിശ്വസിക്കുന്നത് അല്ലാഹുവിലല്ല, ബോംബുകളിലാണ്. അവൻ നിങ്ങളുടെ അമ്മയുടെ ആത്മാവിനെ വരെ തിന്നും. ഇതെല്ലാം നിങ്ങളിരുന്ന് വിവർത്തനം ചെയ്യുകയാണെങ്കിൽ നിങ്ങൾ ഒരു വിഡ്ഢിയാണ്. ഡോണ്ട് റൂയിൻ ദി ജോക്ക്, പ്രോസ്റ്റിറ്റ്യൂട്ട്!".
ALSO READ: കണ്ണും പൂട്ടി ഉപയോഗിക്കാമോ ഇമോജികൾ; ഇവയ്ക്ക് ജെൻ സീ ലോകം നൽകിയ അർഥമെന്ത്?
ബ്രെയിൻ റോട്ട് ലോകത്തെ എവിടെ കൊണ്ടെത്തിച്ചു എന്നത്, ഇത്തിരിയധികം ഭയപ്പെടുത്തുന്ന കാര്യം തന്നെയാണ്. ബ്രെയിൻ റോട്ട് നിങ്ങളുടെ ബുദ്ധിക്കൊപ്പം, സ്നേഹത്തെയും സഹതാപത്തേയും എല്ലാം തകർക്കുകയാണോ? സ്വയം ചോദിക്കുക.
എന്തായാലും സോഷ്യൽ മീഡിയയിൽ ബ്രെയിൻ റോട്ട് മീമുകൾക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇങ്ങനെ അർഥമില്ലാത്ത റീലുകൾ കണ്ട് സമയം കള്ളയുന്നവരോടാണ്. നിർത്തുക, ചെറിയൊരു സോഷ്യൽ മീഡിയ ഡിറ്റോക്സിന് സമയമായിരിക്കുന്നു. നശിച്ചുകൊണ്ടിരിക്കുന്ന തലച്ചോറിനെ ഒന്ന് ഫ്രഷ് ചെയ്യാനുള്ള സമയമായിരിക്കുന്നു.