ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് സംസ്ഥാനത്ത് സർക്കാരിൻ്റെ വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൻ്റെയും ‘എന്റെ കേരളം’ പ്രദർശന-വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാസർഗോഡ് കാലിക്കടവ് മൈതാനിയിൽ നടന്ന പരിപാടിയിൽ സർക്കാരിൻറെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും, കേന്ദ്രസർക്കാരിനെ വിമർശിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കേരളീയരാകെ ശപിച്ചുകൊണ്ടിരുന്ന ഒരു കാലത്തിന് അറുതി വരുത്തിക്കൊണ്ടാണ് എൽഡിഎൽഡിഎഫ് അധികാരത്തിലെത്തിയത്. ജനം ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ തുടങ്ങിയപ്പോൾ പ്രകൃതി ദുരന്തവും പകർച്ച വ്യാധികളും ഉൾപ്പെടെ വെല്ലുവിളി ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, അബ്ദുറഹിമാൻ, എംഎൽമാരായ ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് സംസ്ഥാനത്ത് സർക്കാരിൻ്റെ വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും. വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് പരിപാടിയുടെ സമാപനം.
പരിപാടികളുടെ ഏകോപനത്തിന് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല കമ്മിറ്റികളുടെ ചെയർമാൻ ജില്ലയുടെ ഏകോപന ചുമതലയുള്ള മന്ത്രിയാണ്. കോ ചെയർമാൻ ജില്ലയിലെ മന്ത്രിയും ജനറൽ കൺവീനർ ജില്ലാ കളക്ടറും കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസറുമാണ്. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പരിപാടി നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ/ അധ്യക്ഷ, വാർഡ് മെമ്പർ, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസർമാർ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.