"മകള്‍ക്ക് ലഭിച്ചത് കള്ളപ്പണം അല്ല. നല്‍കിയ സേവനമാണെന്ന് കമ്പനി പറയുന്നു. ആ ഭാഗം മറച്ചുവെക്കുന്നു"
മാസപ്പടി കേസിൽ മകൾ വീണ തൈക്കണ്ടിയിലിനെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസല്ലേ, കോടതിയിൽ അല്ലേ നടക്കട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞു. കേസിനെ അത്ര ഗൗരവമായി കാണുന്നില്ല. കോടതിയിലുള്ള കാര്യത്തിൽ ഞാൻ ഒരു വിശദീകരണത്തിനും പോകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ALSO READ: മാസപ്പടി കേസ്: എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ ഇല്ല, ഈ മാസം 21ന് വീണ്ടും പരിഗണിക്കും
കേന്ദ്ര ഏജൻസികളെ കുറിച്ച് നല്ല ധാരണയല്ലേ നിങ്ങൾക്കുള്ളത്. കോടതിയിലുള്ള കേസ് കോടതിയിലാണ് നേരിടുന്നത് നിങ്ങൾക്ക് മുന്നിലല്ല വിശദീകരിക്കേണ്ടത്. നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണ്. അത് അത്ര വേഗം കിട്ടുമെന്ന് കരുതണ്ട. മകൾക്ക് കിട്ടിയത് കള്ളപ്പണം അല്ല റെക്കോർഡ് അനുസരിച്ചു വന്നതാണ്. നൽകിയ സേവനമാണെന്ന് കമ്പനി പറയുന്നു. ആ ഭാഗം മറച്ചുവെക്കുന്നു. മാധ്യമങ്ങൾക്ക് മനസിലാക്കാത്തതുകൊണ്ടല്ല. മനസിലാകാത്ത ഭാവം നടിക്കുന്നത് കൊണ്ടാണ്. കോടതി കാര്യങ്ങൾ വിശദീകരിക്കട്ടെയെന്നും പിണറായി വിജയൻ പറഞ്ഞു.
മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന ഹര്‍ജിക്ക് ഡൽഹി ഹൈക്കോടതി ഇന്ന് സ്റ്റേ നൽകിയിരുന്നു. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. മാസപ്പടി ആരോപണത്തിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് കമ്പനി നൽകിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഇതിനെതിരെയാണ് ഡൽഹി ഹൈക്കോടതി സ്റ്റേ നൽകിയത്. എസ്എഫ്‌ഐഒയ്ക്ക് തുടർ നടപടിയുമായി മുന്നോട്ട് പോകാമെന്നും, കുറ്റപത്രം നൽകിയതിന് ശേഷം എങ്ങനെ അന്വേഷണം റദ്ദാക്കാനാകുമെന്നും കോടതി ചോദ്യമുന്നയിച്ചു. 21ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച്
കേസ് പരിഗണിക്കും.