1935 മാര്‍ച്ചില്‍ അന്നത്തെ ഭരണാധികാരി രാമവര്‍മ്മ ശ്രീ ചിത്തിരതിരുന്നാളായിരുന്നു പാലം ഗതാഗതത്തിനായി തുറന്നു നല്‍കിയത്
ദക്ഷിണേന്ത്യയിലെ ആദ്യ ആര്‍ച്ച് പാലത്തിന് 90 വയസ്. പെരിയാറിന് കുറുകെ, ഇടുക്കിയേയും എറണാകുളത്തെയും ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലമാണ് ചരിത്ര ഏടുകളിൽ തല ഉയർത്തി നിൽക്കുന്നത്. ഏട്ട് പതിറ്റാണ്ടായി ഹൈറേഞ്ചുകാർ അയൽ ജില്ലയായ എറണാകുളത്തേക്കും മറ്റും കടന്നുപോകുന്നത് നേര്യമംഗലം പാലം കടന്നാണ്.
1935 മാര്‍ച്ചില്‍ അന്നത്തെ ഭരണാധികാരി രാമവര്‍മ്മ ശ്രീ ചിത്തിരതിരുന്നാളായിരുന്നു പാലം ഗതാഗതത്തിനായി തുറന്നു നല്‍കിയത്. ഇടുക്കികാര്‍ക്ക് നേര്യമംഗലം പാലം ഗതാഗതമാര്‍ഗമാണെങ്കില്‍ അയല്‍ജില്ലകളില്‍ നിന്ന് മൂന്നാറിലേക്കും മറ്റും പോകുന്നവർക്ക് ഈ പാലം പെരിയാറിന് മുകളില്‍ വനത്തോട് ചേര്‍ന്നുള്ള കൗതുക കാഴ്ചകൂടി സമ്മാനിക്കുന്നു. 1924 ലിലെ ആദ്യ പ്രളയത്തില്‍ മാങ്കുളം വഴിയുള്ള ആലുവ മൂന്നാര്‍ റോഡ് ഒലിച്ചു പോയിരുന്നു. പിൽകാലത്ത് കോതമംഗലത്തു നിന്നും നേര്യമംഗലം അടിമാലി വഴി മൂന്നാറിന് പുതിയ പാത തുറന്നു. അതാണ് ഇന്നത്തെ കൊച്ചി ധനുഷ്കോടി ദേശീയ പാത.
ആദ്യ പ്രളയം കഴിഞ്ഞ് പതിനൊന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ നിര്‍മിച്ച നേര്യമംഗലം പാലം കേരളം നേരിട്ട രണ്ടാം പ്രളയത്തേയും അതീജീവിച്ച് തല ഉയർത്തിനിൽപ്പുണ്ട്. 214 മീറ്റര്‍ നീളവും 4.90 മീറ്റര്‍ വീതിയുമാണ് ഈ ആര്‍ച്ച് പാലത്തിനുള്ളത്. 1935 മാര്‍ച്ചില്‍ അന്നത്തെ ഭരണാധികാരി രാമവര്‍മ്മ ശ്രീ ചിത്തിരതിരുന്നാളായിരുന്നു പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
പാലം ഗതാഗതത്തിനായി തുറന്ന് നല്‍കി 90 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പഴയ പാലത്തിന് സമാന്തരമായി തന്നെ പുതിയ പാലത്തിൻ്റെ നിര്‍മാണ ജോലികളും ആരംഭിച്ച് കഴിഞ്ഞു. നിലവിലെ പാലത്തിൽ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കാണ് കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ ഇന്നുയരുന്ന പ്രധാന പരാതി. പുതിയ പാലം ഉയരുന്നതോടെ ഇത്തരത്തിൽ ഉയരുന്ന പരാതികൾക്ക് പരിഹാരമാകും.