അഞ്ചര മണിക്കൂർ ഒരു വിധത്തിലുള്ള ചികിത്സയും നൽകിയില്ലെന്ന് ബന്ധുക്കൾ
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. തിരുവനന്തപുരം എസ് കെ ആശുപത്രിയ്ക്കെതിരെയാണ് രോഗിയുടെ ബന്ധുക്കൾ പരാതി നൽകിയത്. രോഗിക്ക് അഞ്ചര മണിക്കൂറോളം ഒരു വിധത്തിലുള്ള ചികിത്സയും നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. രോഗിയുടെ മരണശേഷമാണ് പരിശോധന നടത്താൻ അധികൃതർ തയ്യാറായതെന്നും ബന്ധുക്കൾ ആരോപിച്ചു.
എസ്കെ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച അഖിൽ മോഹന് കൃത്യമായ ചികിത്സ നൽകിയില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ലോറി ഡ്രൈവറായ അഖിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആദ്യം നെടുമങ്ങാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
മെഡിക്കൽ കോളേജിൽ കിടക്ക ഇല്ലാത്തതിനെ തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് ഹൃദയാഘാതം സ്ഥിരീകരിക്കുന്നത്. തുടർന്ന് എസ്കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ കാർഡിയോളജിസ്റ്റ് അഖിലിനെ സന്ദർശിച്ചില്ലെന്നും രോഗിയ്ക്ക് കുഴപ്പമൊന്നും ഇല്ലെന്ന തരത്തിലാണ് ചികിത്സ നൽകിയവർ സംസാരിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. പിന്നീടാണ് അഖിലിൻ്റെ മരണ വിവരം പുറത്തു വിടുന്നത്.
ചികിത്സാ പിഴവ് ആരോപിച്ച് കുടുംബാംഗങ്ങൾ അരുവിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പൂജപ്പുര സ്റ്റേഷൻ പരിധിയിലാണ് ഇവർ താമസിക്കുന്നത്. അതുകൊണ്ട് കേസെടുക്കാൻ പൂജപ്പുര പൊലീസിനാണ് അധികാരം. ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട് ആശുപത്രി അധികൃതർ രംഗത്തെത്തി.