സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ദേശാഭിമാനിയിൽ എഴുതിയ 'ബിജെപിക്ക് മണ്ണൊരുക്കുന്ന കോൺഗ്രസ്' എന്ന ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ ഈ വിമർശനം.
പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസാണെന്നും ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചുവെന്നും രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ദേശാഭിമാനിയിൽ എഴുതിയ 'ബിജെപിക്ക് മണ്ണൊരുക്കുന്ന കോൺഗ്രസ്' എന്ന ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ ഈ വിമർശനം.
"ഡൽഹിയിലെ ബിജെപി വിജയത്തിന് കാരണം കോൺഗ്രസാണ്. ഇക്കാര്യം ലീഗ് ആലോചിക്കണം. യഥാർത്ഥ മതനിരപേക്ഷ പാർട്ടികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാകുമോ? മുസ്ലീം ലീഗിനെ പോലുള്ള പാർട്ടികൾ അത് ആലോചിക്കണം. കോൺഗ്രസിന്റെ വാക്ക് ഒരുവഴിക്കും, പ്രവൃത്തി മറ്റൊരു വഴിക്കുമാണ്," മുഖ്യമന്ത്രി വിമർശിച്ചു.
"ബിജെപിയെ എതിർക്കുന്ന മറ്റു പ്രതിപക്ഷ പാർട്ടികളോട് കോൺഗ്രസ് സ്വീകരിക്കുന്നത് ധാർഷ്ഠ്യം നിറഞ്ഞ സമീപനമാണ്. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. 2015ലും 2020ലും കോൺഗ്രസിന് ഡൽഹിയിൽ ഒരു സീറ്റു പോലും ലഭിച്ചില്ല. എന്നിട്ടും ബിജെപിക്കെതിരെ നിൽക്കുന്ന മുഖ്യശക്തിയായ ആം ആദ്മി പാർട്ടിയെ തോൽപ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോൺഗ്രസ് കണ്ടു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ ജയിപ്പിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് അവരുടെ നേതാക്കൾ പറഞ്ഞത്. ബിജെപിയെ ജയിപ്പിക്കുന്നതാണ് ജോലി എന്നതല്ലേ അവർ പറഞ്ഞതിൻ്റെ മറുവശം," മുഖ്യമന്ത്രി വിമർശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ നിലപാട് മാറ്റം കൊണ്ട് മാത്രം ബിജെപി 14 സീറ്റ് അധികമായി നേടിയെന്ന് കാണാം. 14 ഇടങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്തിയ കോൺഗ്രസാണ് ബിജെപിയുടെ വിജയത്തിന് കാരണം. ബിജെപിയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന രാഷ്ട്രീയ ബോധ്യത്തോടെ മതനിരപേക്ഷ ഐക്യത്തിന് വേണ്ടി അവർ നിലപാടെടുത്തിരുന്നു എങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.