fbwpx
നയതന്ത്രപ്പോരില്‍ ജയിച്ചത് ട്രംപോ സെലന്‍സ്കിയോ?
logo

എസ് ഷാനവാസ്

Posted : 06 Mar, 2025 04:23 PM

യുദ്ധഭൂമിയില്‍ നില്‍ക്കുന്ന രാജ്യത്തെയും ജനതയെയും ഇരുട്ടിലാക്കുന്നതായിരുന്നു ട്രംപിന്റെ തീരുമാനം

WORLD

വൊളോഡിമര്‍ സെലന്‍സ്കി, ഡൊണാള്‍ഡ് ട്രംപ്


യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കിയും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അടുത്തിടെ ഒരു കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാതു ഖനന കരാറില്‍ ഒപ്പുവയ്ക്കുന്നതിന്റെ ഭാഗമായി, വൈറ്റ് ഹൌസിലായിരുന്നു കൂടിക്കാഴ്ച. പക്ഷേ, രൂക്ഷമായ വാക്പോര് മാത്രമാണ് അവിടെ നടന്നത്. ഒരു കരാറും ഒപ്പുവയ്ക്കപ്പെട്ടില്ല. ദിവസങ്ങള്‍ക്കിപ്പുറം, മാര്‍ച്ച് മൂന്നിന് യുക്രെയ്നുള്ള സൈനിക സഹായങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് ട്രംപ് സെലന്‍സ്കിയെയും, ലോകരാജ്യങ്ങളെയും ഞെട്ടിച്ചു. പിന്നാലെ, യുക്രെയ്ന് ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കുന്നതു കൂടി നിര്‍ത്തി. യുദ്ധഭൂമിയില്‍ നില്‍ക്കുന്ന രാജ്യത്തെയും ജനതയെയും ഇരുട്ടിലാക്കുന്ന തീരുമാനം. ഇതോടെ, കരാര്‍ ഒപ്പിടാമെന്ന് അറിയിച്ചുകൊണ്ട് അനുരഞ്ജനത്തിന്റെ പുതിയ പാത തേടുകയാണ് സെലന്‍സ്കി. ട്രംപിന് മുന്നില്‍ സെലന്‍സ്കി മുട്ടുമടക്കിയോ? ഈ നയതന്ത്രപ്പോരില്‍ ജയം ആര്‍ക്കൊപ്പമാണ്?

യുക്രെയ്നെതിരായ കടുത്ത തീരുമാനങ്ങള്‍ക്കുള്ള കാരണം ചോദിച്ചാല്‍, യു.എസിനും ട്രംപിനും പറയാന്‍ ഒരു മറുപടിയേ ഉള്ളൂ. സെലന്‍സ്കി. അയാള്‍ അഹങ്കാരിയാണ്, തെരഞ്ഞെടുപ്പ് നടത്താതെ അധികാരത്തില്‍ തുടരുന്ന സ്വേച്ഛാധിപതിയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ താല്‍പര്യമില്ലാത്തയാളാണ് എന്നിങ്ങനെയാണ് ആരോപണങ്ങള്‍. ഇനി അതിനുള്ള കാര്യം അന്വേഷിച്ചാലോ? യുഎസ് മുന്നോട്ടുവച്ച ധാതു ഖനന കരാറില്‍ ഒപ്പുവയ്ക്കാന്‍ സെലന്‍സ്കി സമ്മതിച്ചില്ല. യുദ്ധം അവസാനിപ്പിക്കുന്നതില്‍ സെലന്‍സ്കി പ്രതിബദ്ധത കാണിക്കുന്നില്ല. എല്ലാത്തിനുമൊടുവില്‍ ട്രംപിനോട് തീരെ ബഹുമാനവുമില്ല, നന്ദിയുമില്ല. അതുകൊണ്ടാണല്ലോ, കഴിഞ്ഞ വാരം ഓവല്‍ ഓഫീസില്‍ അങ്ങനെയൊക്കെ സംഭവിച്ചത്.

ട്രംപിന്റെ ആരോപണങ്ങളിലെ ശരി?
സെലന്‍സ്കിയെക്കുറിച്ചുള്ള ട്രംപിന്റെയും സംഘത്തിന്‍റെയും ആരോപണങ്ങളുടെ നിജസ്ഥിതി കൂടി പരിശോധിക്കാം. ഒരു രാജ്യം യുദ്ധമുഖത്തായിരിക്കുമ്പോള്‍, അവിടെ സൈനിക നിയമമാണ് നടപ്പാകുക. അത് പിന്‍വലിക്കും വരെ തെരഞ്ഞെടുപ്പ് നടക്കില്ല. യുക്രെയ്ന്‍ അങ്ങനെയാണ് കടന്നുപോകുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ മെയില്‍ കാലാവധി കഴിഞ്ഞിട്ടും സെലന്‍സ്കി അധികാരത്തില്‍ തുടരുന്നത്. അല്ലാതെ സ്വേച്ഛാധിപതി ആയിട്ടല്ല. ഇനി ധാതു കരാറിന്റെ കാര്യം. യഥാര്‍ഥത്തില്‍, നനഞ്ഞയിടം കുഴിക്കാനുള്ള ട്രംപിന്റെ കുശാഗ്ര ബുദ്ധിയാണ് ആ കരാര്‍. യുക്രെയ്നെ സമ്മര്‍ദത്തിലാക്കിയും, ഭയപ്പെടുത്തിയുമൊക്കെ എളുപ്പത്തില്‍ അത് നേടിയെടുക്കാമെന്നായിരുന്നു ട്രംപിന്റെ കണക്കുക്കൂട്ടല്‍. അതിനുള്ള ആദ്യശ്രമം പാളിപ്പോയി. ഇനി അടുത്ത ആരോപണത്തെക്കുറിച്ച്. യുദ്ധം തുടങ്ങിയത് യുക്രെയ്നല്ല, റഷ്യയാണ്. അതും ഏകപക്ഷീയമായ യുദ്ധം. ഒരു രാജ്യത്തെയാകെ തവിടുപൊടിയാക്കിയ യുദ്ധം. അത് അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ യുക്രെയ്നോ, സെലന്‍സ്കിയോ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.


ALSO READ: ട്രംപ് പറയുംപോല സെലന്‍സ്കി 'സ്വേച്ഛാധിപതി' ആണോ? എന്തുകൊണ്ടാണ് യുക്രെയ്നില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത്?


യുഎസിന്റെ യുക്രെയ്ന്‍ നയം തന്നെയാണ് ട്രംപ് പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നത്. റഷ്യന്‍ ചങ്ങാതി വ്ളാഡിമിര്‍ പുടിനെ പ്രീണിപ്പിക്കുകയാണ് ആത്യന്തിക ലക്ഷ്യം. യുക്രെയ്നിലെ ധാതുസമ്പത്തുള്ള പ്രദേശങ്ങളില്‍ റഷ്യക്കും കണ്ണുണ്ട്. അതറിഞ്ഞുകൊണ്ടാണ്, യുക്രെയ്നോടുള്ള ട്രംപിന്റെ നടപടികള്‍. യുക്രെയ്നെ മാത്രമല്ല, റഷ്യക്കുവേണ്ടി യൂറോപ്പിനായാകെ കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട് ട്രംപ്. റഷ്യയുടെ കടന്നുകയറ്റം പ്രതിരോധിക്കാന്‍ നാറ്റോ അംഗത്വം വേണമെന്ന് യുക്രെയ്ന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, യുക്രെയ്ന് അംഗത്വം കൊടുക്കരുതെന്നാണ് റഷ്യയുടെ ആവശ്യം. അക്കാര്യം അംഗീകരിക്കാമെന്നാണ് ട്രംപ് പുടിന് നല്‍കിയ ഉറപ്പ്. തീര്‍ന്നില്ല, യൂറോപ്പിന് സുരക്ഷയൊരുക്കാന്‍ യുഎസ് എന്തിനാണ് ഇത്രയും പണം ചെലവഴിക്കുന്നത് എന്നൊരു ചോദ്യം കൂടി ട്രംപും സംഘവും ഉയര്‍ത്തിയിട്ടുണ്ട്. അങ്ങനെ നാറ്റോയ്ക്കുള്ള സഹായവും യുഎസ് വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണ്. ഇത്തരത്തില്‍ യുഎസ്-റഷ്യ എന്ന പുതിയൊരു അച്ചുതണ്ടിലേക്കാണ് ട്രംപിന്റെ ചിന്തകള്‍. അതുകൊണ്ടാണ് യുക്രെയ്നുമായുള്ള ദീര്‍ഘകാല ബന്ധം മറന്നുകൊണ്ടുള്ള ട്രംപിന്റെ പുതിയ തീരുമാനങ്ങള്‍. അത് ഡെമോക്രാറ്റുകളെ മാത്രമല്ല, റിപ്പബ്ലിക്കന്മാരെ പോലും ഞെട്ടിപ്പിക്കുന്നുണ്ട്.


ALSO READ: അസാധാരണത്വം, അനിശ്ചിതത്വം; ട്രംപിന്റെ രണ്ടാം വരവില്‍ ലോകം എന്ത് പ്രതീക്ഷിക്കണം?


യുക്രെയ്നുള്ള യു.എസ് സഹായം?
2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനുശേഷം, 182.8 ബില്യൺ ഡോളര്‍ യുക്രെയ്ന് നൽകിയിട്ടുണ്ടെന്നാണ് യു.എസ് പ്രതിരോധ വകുപ്പിന്റെ കണക്ക്. യുറോപ്പിലെ യു.എസ് സൈനിക പരിശീലനം, റഷ്യന്‍ അധിനിവേശത്തിനെതിരായ ഓപ്പറേഷന്‍ അറ്റ്ലാന്‍റിക് റിസോള്‍വ് എന്നിവയുടെ ചെലവും ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്. 2022 ജനുവരി മുതൽ 2024 ഡിസംബർ വരെ യുഎസ് 119.7 ബില്യൺ ഡോളർ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ജര്‍മനി ആസ്ഥാനമായുള്ള കീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടന്റെ റിപ്പോര്‍ട്ട്. ലോകത്തില്‍ തന്നെ ഏറ്റവും ശക്തരായ റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍, അത്യാധുനിക യുദ്ധോപകരണങ്ങള്‍, എഫ് 16 വിമാനങ്ങള്‍, യുക്രെയ്ന്‍ കമാന്‍ഡര്‍മാര്‍ക്ക് ആവശ്യമായ മറ്റു ആയുധ സംവിധാനങ്ങൾ, പരിശീലനം, രഹസ്യാന്വേഷണം എന്നിവ ലഭ്യമാക്കുന്നതിനാണ് പ്രധാനമായും ഫണ്ട് വിനിയോഗിച്ചത്.

ട്രംപിന്റെ തീരുമാനം എങ്ങനെ ബാധിക്കും?
യു.എസ് സഹായം നിർത്തിവയ്ക്കുന്നത് യുക്രെയ്നെ ദോഷകരമായി ബാധിക്കുമെന്ന് സെലന്‍സ്കി ഉൾപ്പെടെ എല്ലാവര്‍ക്കും അറിയാം. യു.എസിന്റെ പിന്തുണയില്ലാതെ അതിജീവനം സാധ്യമാകില്ലെന്ന് സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. യു.എസ് സൈനിക സഹായമില്ലെങ്കില്‍, ആറു മാസത്തിനപ്പുറത്തേക്ക് പ്രതിരോധിച്ചു നില്‍ക്കാനാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തീര്‍ച്ചയായും യുറോപ്യന്‍ സഖ്യകക്ഷികള്‍ യുക്രെയ്നെ സഹായിക്കും. യുക്രെയ്ന് പിന്തുണ പ്രഖ്യാപിച്ച യുറോപ്യന്‍ രാജ്യങ്ങള്‍ ലണ്ടനില്‍ യോഗം കൂടുകയും ചെയ്തിരുന്നു. എന്നാല്‍ അത് യുഎസ് സഹായത്തോളം വരില്ല. അതുകൊണ്ടാണ് ട്രംപിനെ പരസ്യമായി എതിര്‍ത്തശേഷവും, അനുരഞ്ജനത്തിനുള്ള സാധ്യതകള്‍ സെലന്‍സ്കി ആരായുന്നത്. യു.എസ് സഹായം നിലയ്ക്കുകയും, അവസാനം എന്നെന്നറിയാതെ യുദ്ധം തുടരുകയും ചെയ്യുന്നത് യുക്രെയ്നെ മാത്രമല്ല യൂറോപ്പിനെ മൊത്തത്തില്‍ ബാധിക്കും. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ശ്രമിച്ചാല്‍ പോലും യുക്രെയ്നെ സഹായിച്ച് നിര്‍ത്താനാവില്ല.

ഇത്തരം യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നുകൊണ്ടാണ് സെലന്‍സ്കി അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നത്. ട്രംപിന്റെ ധാര്‍ഷ്ട്യത്തിനും ഭീഷണിക്കും മുന്നില്‍ കീഴടങ്ങുന്നു എന്നതിനപ്പുറം വലിയ മാനങ്ങളുണ്ട് സെലന്‍സ്കിയുടെ നീക്കങ്ങള്‍ക്ക്. യുക്രെയ്ന്‍ ഉള്‍പ്പെടെ യൂറോപ്പിനെയാകെ ലക്ഷ്യമിട്ടാണ് ട്രംപ് കരു നീക്കുന്നത്. അതിനോട് എതിര്‍ത്താല്‍, ട്രംപിന്റെ പ്രതികാര നടപടികളുടെ മൂര്‍ച്ചയേറും. അതിനൊപ്പം നിന്ന് ആക്രമിക്കാന്‍ റഷ്യ ഓടിയെത്തുകയും ചെയ്യും. യുക്രെയ്നിലെ യുദ്ധം അവസാനിക്കില്ല എന്ന് മാത്രമല്ല, റഷ്യ ആക്രമണം കടുപ്പിക്കും. സൈനിക, സാമ്പത്തിക സഹായമില്ലാതെ അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ ശേഷിയില്ലാതെ യുക്രെയ്ന്‍ കീഴടങ്ങേണ്ടിവരും. അപ്പോഴേക്കും, രാജ്യം കുട്ടിച്ചോറായിട്ടുണ്ടാകും. അത് മുന്നില്‍ക്കണ്ടാണ്, രാജ്യത്തെയും ജനതയെയും സംരക്ഷിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് സെലന്‍സ്കി എത്തിച്ചേര്‍ന്നത്. അതുകൊണ്ടാണ് സമാധാനത്തെക്കുറിച്ച് ഗൗരവമായി സംസാരിക്കാൻ തയ്യാറാകുന്ന പക്ഷം, ഓവല്‍ ഓഫീസിലേക്ക് വരാമെന്ന ട്രംപിന്റെ വാക്കുകളെ കൂട്ടുപിടിക്കാന്‍ സെലന്‍സ്കിയെ പ്രേരിപ്പിക്കുന്നത്. അതല്ലേ ശരിക്കും നയതന്ത്രം.

KERALA
മലപ്പുറത്ത് വിദ്യാർഥിനികളെ കാണാതായിട്ട് 24 മണിക്കൂർ; പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം പുറത്ത്
Also Read
user
Share This

Popular

KERALA
KERALA
CPIM സംസ്ഥാന സമ്മേളനം | തുടർഭരണം ഉറപ്പിച്ച് നവകേരളം നയരേഖ; ലക്ഷ്യം സ്കാൻഡിനേവിയൻ രാജ്യങ്ങളിലേതിന് സമാനമായ സാമുഹ്യ സാഹചര്യം