ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് രാഹുൽ ഗാന്ധി ബിജെപിക്കെതിരെ ശബ്‌ദമുയർത്തിയത്
ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എംപി. ഭരണഘടനയല്ല, മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് രാഹുൽ ഗാന്ധി ബിജെപിക്കെതിരെ ശബ്‌ദമുയർത്തിയത്. ദ്രോണാചാര്യർ ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെ, ബിജെപി ഇന്ത്യൻ യുവതയുടെ വിരൽ മുറിച്ചുവെന്നും രാഹുൽ വിമർശനം ഉന്നയിച്ചു.
ഭരണഘടനയ്ക്കെതിരായ സവര്‍ക്കറുടെ വാക്കുകള്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ആയുധമാക്കി. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് പറഞ്ഞവരാണ് ആര്‍എസ്എസ് നേതാക്കള്‍. മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നാണ് സവര്‍ക്കര്‍ പറഞ്ഞതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സവര്‍ക്കര്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് ബിജെപി വ്യക്തമാക്കണമെന്നും രാഹുൽ പറഞ്ഞു.
ഭരണഘടനയെ പുകഴ്ത്തുന്നതിലൂടെ ബിജെപി നേതാക്കൾ സവർക്കറുടെ സ്മരണയെ അപമാനിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇരു കൈയിലും മനുസ്മൃതിയും ഭരണഘടനയും ഉയർത്തി പിടിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ സംസാരം.