സിറിയയിലെ വിമത നേതാവായ അബു മുഹമ്മദ് അൽ ജുലാനിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികമായി ഒരു കോടി ഡോളർ നൽകുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം
അൽ ജുലാനി സിറിയയിൽ അധികാരത്തിലെത്തിയതോടെ പാരിതോഷികമായി പ്രഖ്യാപിച്ച ഒരു കോടി ഡോളർ പിൻവലിച്ച് അമേരിക്ക. സിറിയയിലെ വിമത നേതാവായ അബു മുഹമ്മദ് അൽ ജുലാനിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികമായി ഒരു കോടി ഡോളർ നൽകുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം.
പ്രതീക്ഷയ്ക്ക് വിപരീതമായി അൽ ജുലാനി സിറിയയിൽ അധികാരത്തിൽ എത്തിയതോടെ അമേരിക്ക പാരിതോഷികം പിൻവലിക്കാൻ നിർബന്ധിതരാകുകയായിരുന്നു. അധികാരത്തിൽ എത്തിയതിനാൽ ഇനി പിടികിട്ടാപ്പുള്ളി ആയി നിലനിർത്തുന്നത് ശരിയല്ല എന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. പശ്ചിമേഷ്യ സന്ദർശിക്കുന്ന യുഎസ് നയതന്ത്ര സംഘത്തിലെ ബാർബറ ലീഫും അൽ ജുലാനിയും തമ്മിൽ ഡമാസ്കസിൽ കൂടിക്കാഴ്ച നടന്നതിനു പിന്നാലെയാണ് അസിസ്റ്റൻ്റ് സ്റ്റേറ്റ് സെക്രട്ടറി ബാർബറ ലീഫ് തീരുമാനം പുറത്തുവിട്ടത്. 2012 ൽ ദമാസ്‌കസിലെ എംബസി യുഎസ് അടച്ചുപൂട്ടിയതിനുശേഷം സിറിയ സന്ദർശിക്കുന്ന ആദ്യത്തെ അമേരിക്കൻ നയതന്ത്രജ്ഞരുടെ സംഘം കൂടിയാണിത്.
അതേസമയം സിറിയയിലെ അസദ് ഭരണകൂടത്തിൻ്റെ തകർച്ചയിൽ ആഘോഷിക്കുകയാണ് സിറിയൻ ജനത. ഫ്രാൻസും ബ്രിട്ടണും ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇതിനകം സിറിയയിലെ പുതിയ ഭരണകൂടത്തിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ സർക്കാർ രാജ്യത്ത് എത്രമാത്രം ഇസ്ലാമിക് നിയമം കൊണ്ടുവരുമെന്നതും സ്ത്രീകളോടും കുട്ടികളോടും പുലർത്തുന്ന നിലപാടും സിറിയൻ ഭാവി നിർണയിക്കും.