മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയതിൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിനിധി ചർച്ചയിൽ വിമർശനം ഉയർന്നിരുന്നു
സിപിഎം വിട്ട് ബിജെപിയിലെത്തിയ മധു മുല്ലശ്ശേരിക്കെതിര ആഞ്ഞടിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധു മുല്ലശേരിയെന്ന് ജോയി ആരോപിച്ചു. ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു ജോയിയുടെ പ്രസ്താവന. മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയതിൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിനിധി ചർച്ചയിൽ വിമർശനം ഉയർന്നിരുന്നു.
താൻ സെക്രട്ടറിയായപ്പോൾ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്പ്രേയും 50,000 രൂപയുമായി മധു മുല്ലശ്ശേരി തന്നെ കാണാൻ വന്നുവെന്നാണ് വി. ജോയിയുടെ ആരോപണം. പെട്ടിയെടുത്ത് ഇറങ്ങി പോകാൻ താൻ ആവശ്യപ്പെട്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
അതേസമയം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സിപിഎമ്മിനും സർക്കാരിനുമെതിരായ വിമർശനം തുടരുകയാണ്. ഇരകളാക്കപ്പെടുന്നവർക്ക് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധി ചർച്ചയിൽ വിമർശനം ഉയർന്നു. തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നഷ്ടപ്പെടുമെന്നും സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോകണമെന്നായിരുന്നു ഒരംഗത്തിൻ്റെ പരിഹാസം. പൊലീസ് പറയുന്നതും പ്രവർത്തിക്കുന്നതും രണ്ട് വഴിക്കാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടിയില്ലെന്നും പാർട്ടിക്കാർക്ക് പോലും നീതിയില്ലെന്നും വിമർശനം ഉയർന്നു.
മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിയുടെ കാര്യത്തിൽ സംസ്ഥാന- ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റി. കഴക്കൂട്ടം വഴിപോയപ്പോൾ വെറുതെ ഏരിയാ സെക്രട്ടറിയുടെ കസേരയിൽ കയറി ഇരുന്നതല്ല മധു മുല്ലശ്ശേരിയെന്നായിരുന്നു വിമർശനം. തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തിരുവനന്തപുരം കോർപ്പറേഷനിൽ തുടർഭരണം ഉണ്ടാകില്ലെന്ന് ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ALSO READ: കോൺഗ്രസ് എല്ലാ ജാതി മത വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടി: വി.ഡി. സതീശൻ
മേയർ ആര്യാ രാജേന്ദ്രന് ധിക്കാരവും ധാർഷ്ട്യവുമാണെന്ന് ജനങ്ങൾക്കിടയിൽ സംസാരമുണ്ട്. ജനത്തിൻ്റെ അവാർഡാണ് വാങ്ങേണ്ടതെന്നും പ്രതിനിധികൾ വിമർശിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി വി.ജോയിയും ചർച്ചയ്ക്ക് മറുപടി പറയും. പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെ നാളെയാണ് തീരുമാനിക്കുക. ജില്ലാ സെക്രട്ടറിയായി വി. ജോയ് തന്നെ തുടർന്നേക്കും. കമ്മിറ്റിയിൽ കൂടുതൽ പുതുമുഖങ്ങൾ വരാനാണ് സാധ്യത.