വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മൻമോഹൻ സിങ്ങിൻ്റെ കുടുംബവും കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിവരികയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ പറഞ്ഞു
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ ഓർമക്കായി പ്രത്യേക സ്മാരക സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. മുൻ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങൾക്കൊപ്പം മൻമോഹൻ സിങ്ങിൻ്റെയും സ്മാരകം വേണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മൻമോഹൻ സിങ്ങിൻ്റെ കുടുംബവും കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിവരികയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ പറഞ്ഞു.
വ്യക്തികൾക്കായി പ്രത്യേക സ്മാരകങ്ങൾ പണിയുന്നതിനെ കോൺഗ്രസിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സർക്കാർ എതിർത്തിരുന്നു. സ്ഥലദൗർലഭ്യമുണ്ടായ സാഹചര്യത്തിൽ 2013ലെ യുപിഎ സർക്കാർ രാജ്ഘട്ടിൽ, രാഷ്ട്രീയ സ്മൃതി സ്ഥലമെന്ന പൊതു സ്മാരകം സ്ഥാപിക്കാൻ തീരുമാനിച്ചു. മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന ആവശ്യം പ്രിയങ്ക ഗാന്ധി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിനെ അറിയിച്ചിട്ടുണ്ട്. അതേസമയം ഈ ആവശ്യത്തോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.
മൻമോഹൻ സിങ്ങിന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിയോടെ നടക്കും. നിലവിൽ ഡൽഹി മോത്തിലാൽ നെഹ്‌റു മാർഗിലെ വസതിയിലാണ് ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്. ഇത് രാവിലെ എട്ടുമണിക്ക് കോൺഗ്രസ് ദേശീയ ആസ്ഥാനത്തെത്തിക്കും. എട്ടര മുതൽ ഒരു മണിക്കൂർ പൊതുദർശനമുണ്ടാകും. ശേഷം മൃതദേഹം വിലാപയാത്രയായി രാജ്ഘട്ടിനു സമീപത്തെ സംസ്കാര സ്ഥലത്തേയ്ക്ക് കൊണ്ടുപോകും.
വ്യാഴാഴ്ച രാത്രിയോടെയാണ് മന്‍മോഹന്‍ സിങ് അന്തരിച്ചത്. ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രിയങ്ക ഗാന്ധിയും മറ്റു നേതാക്കളും വൈകുന്നേരത്തോടെ എയിംസില്‍ എത്തിയിരുന്നു.
മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ ലോക നേതാക്കളടക്കമുള്ളവര്‍ അനുശോചനം അറിയിച്ചിരുന്നു. 33 വര്‍ഷത്തെ കാലയളവിനു ശേഷം 2024 ഏപ്രിലിലാണ് അദ്ദേഹം രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ സമീപ വര്‍ഷങ്ങളില്‍ മന്‍മോഹന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.