fbwpx
പെരിയ ഇരട്ടക്കൊലപാതക കേസ്: മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാർ, 10 പേരെ കുറ്റവിമുക്തരാക്കി
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Dec, 2024 03:23 PM

2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്

KERALA


പെരിയ ഇരട്ടക്കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് വിധി. 10 പേരെ കുറ്റവിമുക്തരാക്കി. കൊച്ചി സിബിഐ കോടതിയുടേതാണ് വിധി. 20-ാം പ്രതിയായ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി. കുഞ്ഞിരാമന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2023 ഫെബ്രുവരി രണ്ടിനാണ് സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.


സിപിഎം നേതാക്കള്‍ ഉൾപ്പെടെ 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്.  ഇതില്‍, ഒന്നാം പ്രതി എ. പീതാംബരന്‍ (മുൻ പെരിയ എൽസി അംഗം), രണ്ടാം പ്രതി സജി സി. ജോര്‍ജ് (സജി), മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനില്‍ കുമാര്‍ (അബു), അഞ്ചാം പ്രതി ജിജിന്‍, ആറാം പ്രതി ആര്‍. ശ്രീരാഗ് (കുട്ടു), ഏഴാം പ്രതി എ. അശ്വിന്‍ (അപ്പു), എട്ടാം പ്രതി സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത് (അപ്പു), പതിനാലാം പ്രതി കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ (വിഷ്ണു സുര), 20-ാം പ്രതി കെ.വി. കുഞ്ഞിരാമന്‍  (മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), 21-ാം പ്രതി രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), 22-ാം പ്രതി കെ. വി. ഭാസ്കരന്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറുപേർ സിപിഎമ്മിന്‍റെ പ്രധാന നേതാക്കളാണ്. 9,11,12,13,16,18,17,19, 23, 24 പ്രതികളെയാണ് കുറവിമുക്തരാക്കിയിരിക്കുന്നത്.    

തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്. കൃത്യത്തില്‍ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരന്‍ അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് പിടികൂടിയപ്പോള്‍ കൊലപാതകത്തിനു പിന്നിലെ ​ഗൂഢാലോചന കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി. കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ. മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ. ബാലകൃഷ്ണൻ, ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.

2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. കാസർഗോഡ് മൂന്നാട് കോളേജിലെ എസ്എഫ്ഐ - കെഎസ്‍യു തർക്കത്തിൽ ഇടപെട്ടതാണ് യൂത്ത് കോണ്‍‌ഗ്രസ് പ്രവർത്തകരായ ഇരുവരെയും വകവരുത്താൻ സിപിഎം പ്രാദേശിക നേതൃത്വം തീരുമാനിച്ചതിന് പിന്നിലെന്നാണ് പ്രോസിക്യൂഷൻ കേസ് . ആദ്യം ബേക്കൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസ് മലപ്പുറം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 14 പ്രതികൾക്കെതിരെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രവും സമർപിച്ചു.

Also Read: 'പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് എല്ലാം ചെയ്തത്'; പെരിയ കേസ് പ്രതികളുമായി വേദി പങ്കിട്ടതില്‍ കോണ്‍ഗ്രസ് നേതാവ്


ഇതിനിടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബഞ്ച് കുറ്റപത്രം റദ്ദാക്കി, കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. അന്വേഷണത്തിൽ ഗുരുതരമായ അലംഭാവവും പാകപ്പിഴയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. തുടർന്നാണ് 2020 ആഗസ്റ്റ് 25ന് ക്രൈംബ്രാഞ്ച് കുറ്റപത്രം പുനഃസ്ഥാപിച്ച് തുടരന്വേഷണം നടത്താൻ സിബിഐയോട് നിർദേശിച്ചത്. എന്നാൽ, സർക്കാർ വീണ്ടും അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.


2020 ഡിസംബർ 10ന് സി ബി ഐ കേസ് ഏറ്റെടുത്തു. സിബിഐ നടത്തിയ അന്വേഷണത്തിൽ 10 പ്രതികളുടെ പങ്ക് കൂടി കണ്ടെത്തി. അന്വേഷണം പൂർത്തിയാക്കി 2021 ഡിസംബർ മൂന്നിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. പ്രതികൾ ഇപ്പോൾ വിയ്യൂർ അതി സുരക്ഷാ ജയിലിലും എറണാകുളം ജില്ലാ ജയിലിലുമാണുള്ളത്. പല തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതികൾ ജാമ്യം അനുവദിച്ചിരുന്നില്ല. 154 പ്രോസിക്യൂക്ഷൻ സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 495 രേഖകളും 85 തൊണ്ടിമുതലും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെയാണ് വിസ്തരിച്ചത്.


KERALA
ബാങ്ക് ജോലിക്ക് കോഴ ആരോപണം: കോൺഗ്രസിനെ വെട്ടിലാക്കി പഴയ കരാർ രേഖ പുറത്ത്
Also Read
user
Share This

Popular

NATIONAL
KERALA
മൻമോഹൻ സിങ്ങിൻ്റെ ശവസംസ്കാര ചടങ്ങിൽ ബിജെപി വില കുറഞ്ഞ രാഷ്ട്രീയം കളിച്ചു; അങ്ങേയറ്റം അപമാനകരമെന്ന് കോൺഗ്രസ്