സസ്പെൻഷന് പിന്നിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ്റെ ഇടപെടലാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ സസ്പെൻഷനെ ചൊല്ലി സംസ്ഥാന വനംവകുപ്പിൽ പൊട്ടിത്തെറി. ഫ്ലൈയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ വി.എസ്. രഞ്ജിത്തിന്റെ സസ്പെൻഷനിലാണ് തർക്കം. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്നായിരുന്നു സസ്പെൻഷൻ. സസ്പെൻഷൻ നടപടി അകാരണമായാണെന്ന് ചൂണ്ടിക്കാട്ടി രാജിക്ക് ഒരുങ്ങിയിരിക്കുകയാണ് മന്ത്രി ഓഫീസിലെ ഉന്നതൻ. സസ്പെൻഷന് പിന്നിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ്റെ ഇടപെടലാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ തുടർഭരണം നടത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തവെയാണ് വനംവകുപ്പിലെ ശീതയുദ്ധത്തിൻ്റെ വാർത്ത പുറത്തെത്തുന്നത്. വനം വകുപ്പിലെ ഉന്നതൻ രാജി സന്നദ്ധത അറിയിച്ച് എ.കെ. ശശീന്ദ്രന് കത്ത് കൈമാറിയതായാണ് റിപ്പോർട്ട്.
ALSO READ: എംഎൽഎയ്ക്ക് അപ്രഖ്യാപിത വിലക്ക്; കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുകേഷ് ഇല്ല
ഇന്നലെ വൈകീട്ടാണ് ഫ്ലൈയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ വി.എസ് രഞ്ജിത്തിന്റെ സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. ഇത് ഏകപക്ഷീയമാണെന്നും പലരുടെയും സമ്മർദങ്ങൾക്കൊടുവിലാണ് വനംവകുപ്പ് മന്ത്രി സസ്പെൻഷൻ നൽകിയതെന്നും ചൂണ്ടിക്കാട്ടി വനം വകുപ്പിലെ ഉന്നതരെല്ലാം നടപടിയെ എതിർത്തിരുന്നു. അകാരണമായാണ് സസ്പെൻഷനെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
വനുവകുപ്പിലെ ഒരു ഉദ്യോഗസ്ഥയ്ക്കെതിരെ 14ഓളം പരാതികൾ വനംവകുപ്പിലുണ്ടായിരുന്നു. ഇതിൽ രണ്ട് കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് രഞ്ജിത്ത്. കേസന്വേഷണത്തിന് പിന്നാലെ ഇയാൾക്കെതിരെ ഉദ്യോഗസ്ഥ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. തുടർന്ന് വനിതാ കമ്മീഷൻ രഞ്ജിത്തിനെതിരെ വനം വകുപ്പിന് റിപ്പോർട്ട് കൈമാറി. രഞ്ജിത്തിനെതിരായ ഉദ്യോഗസ്ഥയുടെ ആരോപണങ്ങൾ പരിശോധിക്കാതെയും ഇയാളുടെ പക്ഷം കേൾക്കാതെയായിരുന്നു വനിതാ കമ്മീഷൻ്റെ നടപടിയെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ ആരോപണം.