കശ്മീര്‍ പ്രശ്നം എന്ന് പരിഹരിക്കപ്പെടുമെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍
എസ്. ജയശങ്കര്‍
കശ്മീര്‍ പ്രശ്നം എന്ന് പരിഹരിക്കപ്പെടുമെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ആര്‍ട്ടിക്കിള്‍ 370 നീക്കിയത് ഒന്നാം ഘട്ടം മാത്രമായിരുന്നു. പാകിസ്ഥാന്‍ കൊള്ളയടിച്ച പ്രദേശങ്ങള്‍ തിരികെതന്നാല്‍ കശ്മീര്‍ പ്രശ്നത്തിന് പരിഹാരമാകുമെന്നും ജയശങ്കര്‍ പറഞ്ഞു. ലണ്ടനിലെ ചേഥം ഹൗസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു വിദേശകാര്യ മന്ത്രിയുടെ മറുപടി.
കശ്മീര്‍ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യത്തിനാണ് ജയശങ്കർ മറുപടി നല്‍കിയത്. 'ആർട്ടിക്കിൾ 370 നീക്കുക എന്നത് ഒന്നാം ഘട്ടമായിരുന്നു. കശ്മീരിലെ വളർച്ചയും സാമ്പത്തിക പ്രവർത്തനങ്ങളും സാമൂഹിക നീതിയും പുനഃസ്ഥാപിക്കുക എന്നതായിരുന്നു രണ്ടാമത്തെ ഘട്ടം. ഉയർന്ന പോളിങ് ശതമാനത്തോടെ തെരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു മൂന്നാം ഘട്ടം. പാകിസ്ഥാന്‍ അന്യായമായി കൈവശപ്പെടുത്തിയ, കശ്മീരിന്റെ മോഷ്ടിച്ച ഭാഗങ്ങള്‍ തിരികെ ലഭിക്കുന്നതിനായാണ് നാം കാത്തിരിക്കുന്നത്. അത് പൂര്‍ത്തിയാകുമ്പോള്‍, കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു' -എന്നായിരുന്നു ജയശങ്കറിന്റെ മറുപടി. 'ഇന്ത്യയുടെ ഉയർച്ചയും, ലോകത്തിലെ പങ്കും' എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.
യുഎസിലെ ട്രംപ് ഭരണകൂടത്തെക്കുറിച്ചും, പുതിയ താരിഫുകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രംപ് ഭരണകൂടം ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് അനുയോജ്യമാകുന്ന തരത്തില്‍ ബഹുധ്രുവതയിലേക്കാണ് നീങ്ങുന്നത്. ഒരു ദ്വികക്ഷി വ്യാപാര കരാറിന്റെ ആവശ്യകത ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ട്രംപിന്റെ കാഴ്ചപ്പാടില്‍, നമുക്കുള്ള ഏറ്റവും വലിയ പങ്കാളിത്ത സംരംഭം ക്വാഡ് ആണ്. എല്ലാവര്‍ക്കും അവരുടെ ന്യായമായ വിഹിതം ലഭ്യമാകുന്ന സംരംഭം. അതില്‍ ഫ്രീ റൈഡര്‍മാരില്ല. അതിനാല്‍ അതൊരു നല്ല പ്രവര്‍ത്തനമാതൃകയാണെന്നും ജയശങ്കര്‍ പറഞ്ഞു. യുഎസിനെയും ഇന്ത്യയെയും കൂടാതെ ഓസ്‌ട്രേലിയയും ജപ്പാനുമാണ് ക്വാഡ് പങ്കാളികള്‍.
ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ജയശങ്കര്‍ മറുപടി പറഞ്ഞു. ഇന്ത്യയുടെ താല്പര്യങ്ങള്‍ ബഹുമാനിക്കപ്പെടുന്ന തരത്തിലുള്ള സുസ്ഥിരമായൊരു ബന്ധം ചൈനയുമായി വേണമെന്നാണ് ആഗ്രഹം. അതിര്‍ത്തികളിലെ സമാധാനവും സ്ഥിരതയും ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.