ഗുണനിലവാരമുള്ള മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ സംസ്കരിച്ച് കയറ്റുമതിക്കായി തയാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തത്.
സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ കടൽ കടക്കുന്നു. അമേരിക്കയിലേക്കുള്ള ആദ്യ കയറ്റുമതി ഇന്നു രാവിലെ 10 മണിക്ക് വല്ലാർപാടം കണ്ടയ്നർ ട്രാൻസ്ഷിപ് ടെർമിനലിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഫ്ലാഗ് ഓഫ് ചെയ്തു.
സഹകരണസംഘം നിർമിക്കുന്ന എണ്ണ, ഉണക്കിയ ചക്ക, പൈനാപ്പിൾ എന്നിവയും കാക്കൂർ സഹകരണ സംഘത്തിന്റെ ശീതീകരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി എന്നിവയുമാണ് ആദ്യഘട്ടത്തിൽ യുഎസിലേക്കു കയറ്റുമതി ചെയ്തത്. കേരളത്തിന്റെ കാർഷിക ഉൽപന്നങ്ങൾക്കു വിദേശ രാജ്യങ്ങളിൽ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി ഗുണനിലവാരമുള്ള മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ സംസ്കരിച്ച് കയറ്റുമതിക്കായി തയാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തത്. 25 വർഷമായി കാർഷിക ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കോതമംഗലം ആസ്ഥാനമായുള്ള മഠത്തിൽ എക്സ്പോർട്ടേഴ്സാണ് ഉൽപന്നങ്ങൾ അമേരിക്കൻ വിപണിയിൽ എത്തിക്കുന്നത്. 12 ടൺ വസ്തുക്കളാണ് ഇന്ന് അയച്ചിരിക്കുന്നത്. പദ്ധതിയിലൂടെ നിരവധി ആളുകൾക്ക് തൊഴിലവസരങ്ങൾ ലഭിച്ചെന്നും ,കൊച്ചിയിൽ എക്സ്പോർട്ട് ഓഫീസ് തുടങ്ങുമെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
നബാർഡ് വഴിയാണ് സഹകരണ സംഘങ്ങൾക്ക് നിർമാണത്തിന് ഫണ്ട് നൽകുന്നതെന്നും, കരുവന്നൂർ വിഷയത്തിൽ 120 കോടി രൂപ ഇതുവരെ തിരികെ നൽകിയെന്നും, ബാക്കി ഉടൻ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.