തിന്മയ്ക്ക് മേൽ നന്മ ജയിക്കുന്ന ഉത്സവം കാണാൻ വിവിധയിടങ്ങളിൽ പതിനായിരങ്ങളാണ് ഒത്തുകൂടിയത്
ദസറ ആഘോഷത്തിൻ്റെ നിറവിൽ രാജ്യം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിവിപുലമായാണ് വിജയദശമി-ദസറ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. തിന്മയ്ക്ക് മേൽ നന്മ ജയിക്കുന്ന ഉത്സവം കാണാൻ വിവിധയിടങ്ങളിൽ പതിനായിരങ്ങളാണ് ഒത്തുകൂടിയത്.
ഒരുമയുടെയും ഐക്യത്തിൻ്റെയും നന്മയുടെയും ആഘോഷമാണ് ഓരോ ദസറക്കാലവും. ആചാരങ്ങളും, പാട്ടും, നൃത്തവും, ഘോഷയാത്രകളും നിറഞ്ഞ പത്ത് ദിവസത്തെ ആഘോഷങ്ങൾ. രാജ്യത്തെ വിവിധയിടങ്ങളിൽ രാവണ കോലങ്ങൾ കത്തിക്കുന്നത് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംഗീതവും ദീപാലങ്കാരവും രാവേറും വരെ ഒഴുകിയെത്തുന്ന ജനസഞ്ചയവും, രാജകൊട്ടാരത്തിൻ്റെ നഗരമായ മൈസൂരിലും വർണാഭമായായിരുന്നു ആഘോഷം.
ALSO READ: കാഴ്ചപ്പൂരത്തിന് കൊടിയിറക്കം; മൈസൂരു ദസറ ആഘോഷങ്ങൾക്ക് ഇന്ന് സമാപനം
ചെങ്കോട്ടയിലെ ദസറ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പങ്കെടുത്തു. പ്രതീകാത്മക രാവണദഹനം നടത്തിയാണ് ചെങ്കോട്ടയിലെ ദസറാ പരിപാടികൾക്ക് തുടക്കം കുറിച്ചത്. മാധവ് ദാസ് പാർക്കിൽ നടന്ന ആഘോഷങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഡൽഹിയിൽ നടന്ന ആഘോഷത്തിൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പങ്കെടുത്തു.
രാവണൻ്റെയും കുംഭകർണൻ്റെയും മേഘനാഥൻ്റെയും കൂറ്റൻ കോലങ്ങൾ അഗ്നിയിൽ ജ്വലിച്ചപ്പോൾ ആകാശങ്ങളും വർണത്താൽ നിറഞ്ഞു. മതപരമായ ആചാരങ്ങൾക്കപ്പുറത്തേക്ക് രാജ്യ സംസ്കാരത്തിൻ്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഓരോ നവരാത്രി ആഘോഷവും.
ALSO READ: അറിവിന്‍റെ വെളിച്ചത്തിലേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; ഇന്ന് വിജയദശമി