ഇവർക്കാർക്കും ചൈന പോലെയുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയതിന് റൂട്ട് മാപ്പിൽ തെളിവുകളില്ല
ഏറ്റവുമൊടുവിലായി ഗുജറാത്തിലെ അഹമ്മദാബാദിലും രണ്ട് മാസം പ്രായമുള്ള കുട്ടിക്ക് HMPV രോഗബാധ കണ്ടെത്തിയതായി ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ചന്ദ്ഖേദയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗം കണ്ടെത്തിയ മൂന്ന് കേസുകളും കുഞ്ഞുങ്ങളിൽ ആണെന്നതും ശ്രദ്ധേയമാണ്. ഇവർക്കാർക്കും ചൈന പോലെയുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയതിന് റൂട്ട് മാപ്പിൽ തെളിവുകളില്ല.
കർണാടകയിൽ രണ്ട് ഹ്യുമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) കേസുകൾ സ്ഥിരീകരിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) അറിയിച്ചു. അതേസമയം, ആശങ്കപ്പെടുത്തുന്ന രീതിയിൽ രാജ്യത്ത് ഇൻഫ്ലുവൻസാ പോലുള്ള രോഗങ്ങൾ (ILI) അല്ലെങ്കിൽ ഗുരുതര ശ്വസന രോഗങ്ങളിൽ (SARI) അസാധാരണമായ വർധനവ് ഉണ്ടായിട്ടില്ലെന്നും ഐസിഎംആർ അറിയിച്ചു. ശ്വസന സംബന്ധമായ വൈറസ് രോഗങ്ങളിലുടനീളം ഐസിഎംആർ നടത്തുന്ന പതിവ് നിരീക്ഷണത്തിന്റെ ഭാഗമായാണ് ഈ കേസുകൾ തിരിച്ചറിഞ്ഞിരിക്കുന്നത്. കർണാടകയിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനും, എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ഐസിഎംആർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്തെ നിരീക്ഷണ സംവിധാനം ശക്തമാണെന്നും ഇൻഫ്ലുവൻസാ, ശ്വസനരോഗ കേസുകളിൽ അസാധാരണമായ വർധന ഇല്ലെന്നും ഐസിഎംആർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. HMPV ലോകമെമ്പാടും, ഇന്ത്യയിലെയും സഞ്ചരിക്കുന്ന ഒരു വൈറസാണ്. ഈ വൈറസുമായ ബന്ധപ്പെട്ട ശ്വസന രോഗങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് ബ്രോങ്കോപ്നിമോണിയ ബാധയുമായി ബാംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം HMPV രോഗം സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിനെ ഇപ്പോൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും ഐസിഎംആർ അറിയിച്ചു. ജനുവരി 3ന് ബ്രോങ്കോപ്നിമോണിയയുടെ ചരിത്രത്തോടെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞ് HMPV പോസിറ്റീവായി. കുഞ്ഞ് ഇപ്പോൾ സുഖം പ്രാപിക്കുന്നു. രണ്ടു രോഗികൾക്കും അന്താരാഷ്ട്ര യാത്രാ ചരിത്രമില്ലെന്നും ഐസിഎംആർ വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയം ലഭ്യമായ എല്ലാ നിരീക്ഷണ ചാനലുകളിലൂടെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും, HMPVയുടെ സഞ്ചാര പ്രവണതകളെ ഐസിഎംആർ വർഷമൊട്ടാകെ പിന്തുടരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചൈനയിലെ സാഹചര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) സമയബന്ധിതമായ അപ്ഡേറ്റുകൾ നൽകുകയാണ്. ഇത് നിലവിലുള്ള നടപടികൾക്ക് കൂടുതൽ സഹായകരമാകും. അടുത്തിടെ രാജ്യത്തുടനീളം നടത്തിയ പകർച്ചവ്യാധി പ്രതിരോധ പരിശീലന ഡ്രില്ലുകൾ ഇന്ത്യയെ ശ്വസന രോഗങ്ങളുടെ വർധനയെ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കിയിട്ടുണ്ട്. അവശ്യ ഘട്ടത്തിൽ പൊതുജനാരോഗ്യ ഇടപെടലുകൾ ഉടൻ നടപ്പാക്കാൻ രാജ്യം സജ്ജമാണെന്നും ഐസിഎംആർ വ്യക്തമാക്കി.
ALSO READ: ഇന്ത്യയിൽ HMPV കേസുകളുടെ എണ്ണം രണ്ടായി; സ്ഥിരീകരിച്ച് കർണാടക ആരോഗ്യ മന്ത്രാലയം
ചൈനയിലെ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി കേന്ദ്ര ആരോഗ്യവകുപ്പിലെ ഡയറക്ടർ ജനറൽ ഡോ. അതുൽ ഗോയൽ അറിയിച്ചു. എച്ച്എംപിവി മറ്റ് ശ്വസന വൈറസുകളുമായി സാമ്യമുള്ളതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകളുടെ കാലാനുസൃതമായ വർധനവ് കൈകാര്യം ചെയ്യാൻ ഇന്ത്യയിലെ ആശുപത്രികൾ പൂർണ്ണ സജ്ജമാണെന്ന് ഡോ. ഗോയൽ പറഞ്ഞു. അടിസ്ഥാന ശുചിത്വ സമ്പ്രദായങ്ങൾ പാലിക്കാനും ശൈത്യകാലത്ത് സുരക്ഷിതമായിരിക്കാൻ പൊതുവായ മുൻകരുതലുകൾ എടുക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.