നിയമസഭാ സമ്മേളനത്തിലെ ആദ്യദിനമായ ഇന്ന് ഗവർണർ ആമുഖപ്രസംഗത്തിന് എത്തിയപ്പോൾ തമിഴ് ഗാനം ആദ്യം ഉയർന്നു
ഗവർണറും ഡിഎംകെയും തമ്മിലുള്ള പോര് മൂർധന്യത്തിലെത്തിച്ചുകൊണ്ട് തമിഴ്നാട്ടിൽ നാടകീയ സംഭവ വികാസങ്ങൾ. ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് സഭാ സമ്മേളനത്തിൽ നിന്ന് ഗവർണർ ആർ.എൻ. രവി ഇറങ്ങിപ്പോയി. ദേശീയഗാനത്തേയും ഭരണഘടനയേയും ഡിഎംകെ സർക്കാർ അപമാനിച്ചെന്ന് രാജ്ഭവൻ വിമർശിച്ചു. ഇതിന് ഡിഎംകെ മറുപടി പറഞ്ഞു. അണ്ണാ സർവകലാശാലയിലെ ലൈംഗികപീഡന ആരോപണത്തിലും സഭയിൽ വലിയ പ്രതിഷേധമുണ്ടായി.
തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ഗാനമാണ് തമിഴ് തായ് വാഴ്ത്ത്. ഇതിലെ തമിഴ് തായ് വാഴ്ത്ത് എന്ന പ്രയോഗം തമിഴ് മണ്ണിന്റെ മക്കൾവാദമാണെന്നും ദ്രാവിഡദേശം എന്ന പ്രയോഗം വംശീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മുൻപും ഗവർണർ ആർ.എൻ. രവി ഉന്നയിച്ച വിമർശനമാണ്. ഇത്തവണത്തെ വഴക്കിനും ഈ ഗാനം കാരണമായി. നിയമസഭാ സമ്മേളനത്തിലെ ആദ്യദിനമായ ഇന്ന് ഗവർണർ ആമുഖപ്രസംഗത്തിന് എത്തിയപ്പോൾ തമിഴ് ഗാനം ആദ്യം ഉയർന്നു. ദേശീയഗാനം കൂടി ആലപിക്കാൻ ഗവർണർ ആവശ്യപ്പെട്ടു. സ്പീക്കറും മുഖ്യമന്ത്രിയും അടക്കമുള്ളവർ വഴങ്ങിയില്ല. ഇതോടെ ഗവർണർ ഇറങ്ങിപ്പോകുകയായിരുന്നു.
ALSO READ: ഇന്ത്യയിൽ HMPV കേസുകളുടെ എണ്ണം രണ്ടായി; സ്ഥിരീകരിച്ച് കർണാടക ആരോഗ്യ മന്ത്രാലയം
സഭയിലെ ആമുഖപ്രസംഗം ഒഴിവാക്കിയായിരുന്നു ആർ.എൻ. രവിയുടെ ഇറങ്ങിപ്പോക്ക്. ദേശീയഗാനം ആലപിക്കാൻ സർക്കാർ വിസമ്മതിച്ചതിനാലാണ് സഭ വിട്ടതെന്ന് പിന്നീട് രാജ്ഭവൻ അറിയിച്ചു. ദേശീയഗാനത്തേയും ഭരണഘടനയേയും സംസ്ഥാന സർക്കാർ അപമാനിച്ചുവെന്നും ചട്ടങ്ങളെ കാറ്റിൽപ്പറത്തിയെന്നും ഇതിൽ നടുക്കം രേഖപ്പെടുത്തുന്നതായും രാജ്ഭവൻ എക്സിൽ കുറിച്ചു.
എന്നാൽ സഭാസമ്മേളന തുടക്കത്തിൽ സംസ്ഥാനഗാനവും സമാപനത്തിൽ ദേശീയഗാനവും ആലപിക്കുന്നതാണ് തമിഴ്നാട് കീഴ്‌വഴക്കം. നേരത്തെയുള്ള രീതിയാണത്. എന്നാൽ ഗവർണർ അനാവശ്യ പ്രകോപനമുണ്ടാക്കുകയാണ് ചെയ്തതെന്ന് ഡിഎംകെ നേതാക്കൾ പറഞ്ഞു.
മറ്റ് വിഷയങ്ങളും സഭയിൽ വലിയ ബഹളമുണ്ടായി. അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമ വിഷയത്തിൽ പ്രതിഷേധിച്ച് എഐഎഡിഎംകെ അംഗങ്ങൾ സഭയിൽ പ്രതിഷേധം സൃഷ്ടിച്ചു. 'യാര് അന്ത സാർ' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ഡിഎംകെ ഗൂഢാലോചനയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ALSO READ: മാധ്യമ പ്രവർത്തകൻ മുകേഷ് ചന്ദ്രക്കറിൻ്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ
സഭയിലെത്തിയ ഗവർണറെ ഡിഎംകെ അപമാനിച്ചുവെന്ന് വിമർശിച്ച് ബിജെപി അംഗങ്ങളും ഇറങ്ങിപ്പോയി. ഇതോടെ നാടകീയ സംഭവങ്ങളുടെ മണിക്കൂറായി മാറി തമിഴ്നാട് നിയമസഭയിലെ ആദ്യദിനം.
ഗവർണർ ആർ.എൻ. രവി പങ്കെടുത്ത പല പരിപാടികളിലും തമിഴ് ഗാനം ആലപിക്കുന്നതിലെ വിയോജിപ്പ് പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ചെന്നൈ ദൂരദർശൻ സംഘടിപ്പിച്ച പരിപാടിയിൽ തമിഴ് ഗാനത്തിലെ ചില വരികൾ വെട്ടിമാറ്റി അവതരിപ്പിക്കാൻ ഗവർണർ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. എംകെ സ്റ്റാലിൻ പങ്കെടുത്ത ഈ പരിപാടിയിൽ, ഗാനം ആലപിക്കുന്നതിൽ നിന്ന് ദ്രാവിഡത എന്ന പ്രയോഗമുള്ള വരികൾ എടുത്തുമാറ്റുകയായിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് അന്ന് കാരണമായിരുന്നു.