ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം പോരെന്നും സ്പോട്ട് ബുക്കിങ് കൂടി വേണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കള്‍ പറഞ്ഞത്
ശബരിമല സ്പോട്ട് ബുക്കിങ് വിവാദത്തിൽ സർക്കാരിനെയും ദേവസ്വം വകുപ്പിനെയും വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയത് ഓര്‍മ വേണം. സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ ചാടിക്കുമെന്നും ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം പോരെന്നും സ്പോട്ട് ബുക്കിങ് കൂടി വേണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കള്‍ പറഞ്ഞത്. ദര്‍ശനത്തിനുള്ള പരിഷ്കാരം ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും ഭക്തജനങ്ങളുടെയും എതിര്‍പ്പിന് കാരണമാകുമെന്ന് ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു. രംഗം തണുപ്പിക്കാന്‍ വരട്ടെ, നോക്കട്ടെ എന്നുപോലും പറയാതെ സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പ സേവാ സംഘങ്ങളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനിടെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പറയുന്നത് ഒരു കാരണവശാലും സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്ന്. ഒരിക്കല്‍ ഇടതുമുന്നണിക്ക് കൈപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓര്‍മയെങ്കിലും വാസവന്‍ മന്ത്രിക്ക് വേണ്ടേ എന്നാണ് 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന ലേഖനത്തിലൂടെ ജനയുഗം വിമര്‍ശിക്കുന്നത്.
ശബരിമലയിൽ മണ്ഡലകാലത്ത് സ്പോട്ട് ബുക്കിങ്ങിന് ബദല്‍ ക്രമീകരണം ഏർപ്പെടുത്തുമെന്നാണ് മന്ത്രി വി.എന്‍. വാസവന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ദർശനത്തിനെത്തുന്ന ഒരു ഭക്തനും തിരിച്ചുപോകേണ്ടി വരില്ല. ഇടത്താവളങ്ങളിൽ അക്ഷയ സെൻ്ററുകളുടെ സഹായത്തോടെ ബുക്കിങ്ങിന് സൗകര്യം ഒരുക്കും. ഒരു തരത്തിലുമുള്ള പ്രകോപനത്തിനും സർക്കാരില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിഷയം ബിജെപി രാഷ്ട്രീയമായി മുതലെടുക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. മണ്ഡലകാല ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം 80,000 ആയി പരിമിതപ്പെടുത്തിയതും സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതും വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് അപ്രായോഗികമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പുനര്‍വിചിന്തനത്തിന് തയ്യാറായത്.