സിപിഐഎമ്മിൻ്റെ നേതാവ് ആരാണ് എന്നത് പൊതുജനാഭിപ്രായവും നാടിൻ്റ അഭിപ്രായവും കൂടി കണക്കിലെടുത്ത് തീരുമാനിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി വിജയന് മൂന്നാം ഊഴം നൽകുന്നതിൽ പിന്തുണയുമായി സിപിഐ. സിപിഐഎം മുഖ്യമന്ത്രിക്ക് ടേം നിശ്ചയിച്ചിട്ടില്ലെന്നും, നേരത്തെ അധികാരത്തിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ ദീർഘകാലം അധികാരത്തിൽ ഇരുന്നിട്ടുണ്ടെന്നും സിപിഐ രാജ്യസഭാ എംപി അഡ്വ. പി. സന്തോഷ് കുമാർ ന്യൂസ് മലയാളത്തിനോട് പറഞ്ഞു. സിപിഐഎമ്മിൻ്റെ നേതാവ് ആരാണ് എന്നത് പൊതുജനാഭിപ്രായവും നാടിൻ്റ അഭിപ്രായവും കൂടി കണക്കിലെടുത്ത് തീരുമാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായിക്ക് പ്രായപരിധിയിൽ മാത്രമല്ല മത്സരിക്കാനും ഇളവ് ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം ന്യൂസ് മലയാളത്തോട് വ്യക്തമാക്കിയിരുന്നു. മൂന്നാം തവണ ഭരണം കിട്ടുമ്പോൾ മുഖ്യമന്ത്രി പിണറായിയാണോ അല്ലയോ എന്ന് ഇപ്പോൾ തീരുമാനിക്കേണ്ടതില്ല. പിണറായിയാണ് പാർട്ടിയുടെ ഏറ്റവും നേതൃനിരയിലുള്ള നേതാവ്. ആ രീതിയിൽ അങ്ങനെ പറയുന്നതിൽ കുഴപ്പമില്ല. സംഘടനാ രംഗത്തും ഭരണത്തിലും പിണറായി വിജയന് ഇളവുണ്ട്. പ്രായത്തിലും മത്സരിക്കുന്നതിലും ഇളവ് തുടരും," എം.വി. ഗോവിന്ദൻ പറഞ്ഞു.
75 വയസ് പൂർത്തിയായ ഒരാളും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകില്ല. മെമ്പർഷിപ്പ് കുറഞ്ഞാലും വേണ്ടില്ല, മദ്യപിക്കുന്ന പാർട്ടി അംഗങ്ങളെ പുറത്താക്കുമെന്നും എം.വി. ഗോവിന്ദൻ ന്യൂസ് മലയാളത്തിൻ്റെ ക്രോസ് ഫയറിൽ പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളനം ഊന്നൽ നൽകുക തുടർ ഭരണത്തിനാണെന്നും അതിന് പ്രാപ്തമാകുന്ന പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും എം.വി.ഗോവിന്ദൻ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.