അനിമല്‍ സിനിമയിലേക്ക് ഷാഹിദിനെ തിരിഞ്ഞെടുക്കാന്‍ തീരുമാനിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് സന്ദീപ് മറുപടി പറഞ്ഞത്
ബോക്‌സ് ഓഫീസില്‍ വലിയ വിജയങ്ങളില്ലാതെയാണ് ഇപ്പോള്‍ ബോളിവുഡ് താരം ഷാഹിദ് കപൂര്‍ കടന്ന് പോയ്‌കൊണ്ടിരിക്കുന്നത്. ഷാഹിദിന്റെ കൂടുതല്‍ സിനിമകളും സൗത്ത് ഇന്ത്യന്‍ സിനിമകളുടെ റീമേക്കുകളാണ്. അതിന് തുടക്കം കുറിച്ചത് സന്ദീപ് റെഡ്ഡി വാങ്കയുടെ തെലുങ്ക് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയിലൂടെയായിരുന്നു. സിനിമ റിലീസ് ചെയ്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ സന്ദീപ് റെഡ്ഡി ഷാഹിദ് കപൂറിന് ഒരു ഉപദേശം നല്‍കിയിരിക്കുകയാണ്. റീമേക്കുകള്‍ ചെയ്യരുതെന്നാണ് ആ ഉപദേശം.
'ഷാഹിദ് കപൂറിനെ പോലൊരു നടന്‍ റീമേക്കുകള്‍ ചെയ്യാന്‍ പാടില്ല. അദ്ദേഹം ഒറിജിനല്‍ നടനാണ്. അതുകൊണ്ട് ഞാന്‍ ഷാഹിദിനോട് അത് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്', കോമള്‍ നാഹ്തയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് പറഞ്ഞു. ഷാഹിദ് കപൂര്‍ കബീര്‍ സിംഗിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അത് തെലുങ്കില്‍ വിജയ് ദേവരകൊണ്ട ചെയ്ത കഥാപാത്രമായിരുന്നു.
അനിമല്‍ സിനിമയിലേക്ക് ഷാഹിദിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് സന്ദീപ് മറുപടി പറഞ്ഞത്. 'ഒരിക്കലും ഷാഹിദിനെ ഞാന്‍ ചിന്തിച്ചിട്ടില്ല. കാരണം ആ വൈകാരികമായ കഥയെ കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്ക് രബീറിനെ മാത്രമാണ് ഓര്‍മ്മ വന്നത്. അദ്ദേഹം ഓര്‍ഗാനിക്കാണ്. അതുകൊണ്ട് ആ കഥാപാത്രത്തിന് ചേരുന്നത് രണ്‍ബീര്‍ ആയിരിക്കുമെന്ന് എനിക്ക് തോന്നി', എന്നാണ് സന്ദീപ് പറഞ്ഞത്.
അതേസമയം കബീര്‍ സിംഗിന്റെ വിജയത്തിന് ശേഷം നിരവധി റീമേക്കുകളില്‍ ഷാഹിദ് അഭിനയിച്ചിട്ടുണ്ട്. സ്‌പോര്‍ട്ട്‌സ് ഡ്രാമയായ ജേഴ്‌സിയില്‍ ഷാഹിദ് അഭിനയിച്ചിരുന്നു. നാനി കേന്ദ്ര കഥാപാത്രമായ തെലുങ്ക് ചിത്രം ജേഴ്‌സിയുടെ റീമേക്കായിരുന്നു ആ സിനിമ. അടുത്തിടെ റോഷന്‍ ആന്‍ഡ്രൂസിന്റെ പൊലീസ് ഡ്രാമയായ ദേവയിലും ഷാഹിദ് അഭിനയിച്ചു. അത് 2013ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം മുംബൈ പൊലീസിന്റെ റീമേക്കായിരുന്നു. രണ്ട് റീമേക്കുകളും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.