fbwpx
എസ്. ജയശങ്കറിന്റെ സന്ദര്‍ശനത്തിനിടെ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം; സുരക്ഷാവീഴ്ചയെ അപലപിച്ച് യുകെ
logo

ന്യൂസ് ഡെസ്ക്

Posted : 06 Mar, 2025 07:48 PM

ഭീഷണിപ്പെടുത്താനോ, ഭയപ്പെടുത്താനോ, പൊതുപരിപാടികള്‍ തടസപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്ന് യുകെ വിദേശകാര്യ മന്ത്രാലയം

WORLD

എസ് ജയശങ്കര്‍



ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയില്‍ അപലപിച്ച് യുകെ. ജയശങ്കറിനുനേരെ പ്രതിഷേധവുമായി ഖലിസ്ഥാന്‍ അനുകൂലികള്‍ എത്തിയ സംഭവത്തിലാണ് യുകെ വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം. ബുധനാഴ്ച ലണ്ടനിലെ ചേഥം ഹൗസില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജയശങ്കറിനും ഇന്ത്യക്കുമെതിരെ ഒരു സംഘം ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധം ഉയര്‍ത്തിയത്.

ചേഥം ഹൗസിനു പുറത്തുണ്ടായ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നതായി യുകെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നതാണ് യുകെയുടെ നിലപാട്. എന്നാല്‍, ഭീഷണിപ്പെടുത്താനോ, ഭയപ്പെടുത്താനോ, പൊതുപരിപാടികള്‍ തടസപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും പ്രസ്താവന പറയുന്നു. നേരത്തെ, സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.


ALSO READ: ആര്‍ട്ടിക്കിള്‍ 370 നീക്കിയത് ഒന്നാം ഘട്ടം; മോഷ്ടിച്ച ഭൂമി പാകിസ്ഥാന്‍ തിരിച്ചു നല്‍കിയാല്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് എസ്. ജയശങ്കര്‍


ഇന്ത്യക്കും ജയശങ്കറിനുമെതിരെ ഖലിസ്ഥാന്‍ അനുകൂലികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജയശങ്കര്‍ റോഡിന്റെ മറുവശത്ത് നില്‍ക്കുമ്പോഴായിരുന്നു പ്രതിഷേധം. ചര്‍ച്ചയ്ക്കുശേഷം ജയശങ്കര്‍ മടങ്ങുമ്പോഴും പ്രതിഷേധമുണ്ടായി. ഖലിസ്ഥാന്‍ അനുയായികളിലൊരാള്‍ ജയശങ്കറിന്റെ വാഹനവ്യൂഹത്തിനുനേരെ ഓടിയെത്തി തടയാന്‍ ശ്രമിച്ചു. ഇതിനെല്ലാം ശേഷമാണ് ലണ്ടന്‍ പൊലീസ് പ്രതിഷേധക്കാരെ അവിടെനിന്നും നീക്കിയത്.

'ഇന്ത്യയുടെ ഉയർച്ചയും, ലോകത്തിലെ പങ്കും' എന്ന വിഷയത്തിലെ ചര്‍ച്ചയ്ക്കായാണ് ജയശങ്കര്‍ ചേഥം ഹൗസിലെത്തിയത്. കശ്മീര്‍ പ്രശ്നം, ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം, ഇന്ത്യ-ചൈന ബന്ധം, ട്രംപ് ഭരണകൂടം എന്നിങ്ങനെ വിഷയങ്ങളിലാണ് ജയശങ്കര്‍ സംസാരിച്ചത്. പാകിസ്ഥാന്‍ അന്യായമായി കൈവശപ്പെടുത്തിയ, കശ്മീരിന്റെ മോഷ്ടിച്ച ഭാഗങ്ങള്‍ തിരികെ ലഭിക്കുന്നതിനായാണ് നാം കാത്തിരിക്കുന്നത്. അത് പൂര്‍ത്തിയാകുമ്പോള്‍, കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നായിരുന്നു കശ്മീര്‍ പ്രശ്ന പരിഹാരം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ജയശങ്കര്‍ നല്‍കിയ മറുപടി. ട്രംപ് ഭരണകൂടം ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് അനുയോജ്യമാകുന്ന തരത്തില്‍ ബഹുധ്രുവതയിലേക്കാണ് നീങ്ങുന്നത്. ഒരു ദ്വികക്ഷി വ്യാപാര കരാറിന്റെ ആവശ്യകത ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ താല്പര്യങ്ങള്‍ ബഹുമാനിക്കപ്പെടുന്ന തരത്തിലുള്ള സുസ്ഥിരമായൊരു ബന്ധം ചൈനയുമായി വേണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KERALA
EXCLUSIVE | സംഘടനാ റിപ്പോര്‍ട്ടില്‍ എനിക്കെതിരെ പരാമര്‍ശം ഇല്ല; നീക്കി എന്ന വാക്കുമില്ല; വ്യാജവാർത്തകൾക്ക് പിന്നിൽ പാർട്ടി വിരുദ്ധ ശക്തി: ഇ.പി. ജയരാജന്‍
Also Read
user
Share This

Popular

KERALA
FOOTBALL
സിപിഐഎമ്മിന്റേത് അവസരവാദ രേഖ; കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് സംഘപരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍: വി.ഡി. സതീശന്‍