അകത്ത് ചൂടേറിയ ചർച്ച നടക്കുമ്പോൾ പുറത്ത് സാധാരണ പാർട്ടിക്കാർക്ക് സമ്മേളനം ഉത്സവ കാലമാണ്
പാർട്ടി കോൺഗ്രസ്, നേതാക്കളെ സംബന്ധിച്ച് ഗൗരവമായ ചർച്ച നടക്കുന്ന ഇടമാണ്. അകത്ത് ചൂടേറിയ ചർച്ച നടക്കുമ്പോൾ പുറത്ത് സാധാരണ പാർട്ടിക്കാർക്ക് സമ്മേളനം ഉത്സവ കാലമാണ്. അവരിൽ പലരും ചെങ്കൊടിയേന്തി സമ്മേളന നഗരിയിൽ ഉണ്ടാകും. അങ്ങനെയൊരാളെ പരിചയപ്പെടാം.
92 വയസുണ്ട് സുകുമാരേട്ടന്. കൊല്ലം മാവേലിക്കരയിൽ നിന്ന് മധുരയിലേക്ക് വണ്ടി കയറിയതാണ്. സമ്മേളനം രാജ്യത്ത് എവിടെയായാലും നടന്നാണ് സുകുമാരേട്ടൻ വരിക. ചുവന്ന വസ്ത്രം ധരിച്ച്, ചെങ്കൊടി പിടിച്ച്. ഇത്തവണ പക്ഷേ ആരോഗ്യം സമ്മതിച്ചില്ല. നടക്കാൻ വയ്യാണ്ടായി. എന്നിട്ടും ഇരിപ്പുറയ്ക്കാതായപ്പോൾ ആവേശത്തിൽ വണ്ടി പിടിച്ചു മധുരയിലേക്ക്.
എഴുപത് വർഷം മുമ്പ് സഖാവായതാണ്. മാവേലിക്കരയിൽ നിന്ന് നിലമ്പൂരിൽ പോയി പാർട്ടിയുണ്ടാക്കാൻ പ്രയത്നിച്ചു. കോൺഗ്രസിൽ നിന്ന് വന്ന ടി.കെ. ഹംസ സിപിഐഎം ടിക്കറ്റിൽ ആര്യാടനെതിരെ മത്സരിച്ചപ്പോൾ പ്രതിഷേധിച്ചു. പാർട്ടി വിട്ട് ഒരു നേരം പോലും ഇരിപ്പുറക്കാതെ പിറ്റേന്ന് പോയി ടി.കെ. ഹംസക്ക് വേണ്ടി വോട്ടു പിടിച്ചു. ഇങ്ങനെയുള്ള മനുഷ്യർ കൂടി ചേരുന്നതാണ് പാർട്ടി.