ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ പാവങ്ങള്‍ ജ്വല്ലറിയിലേക്ക് പോയിട്ട് എത്ര കാലമായിട്ടുണ്ടാകും? പവന് 66,880 പിന്നിട്ടു. ഗ്രാമിന് 8360ഉം. ഈ വില എത്തിനില്‍ക്കുന്ന മാര്‍ച്ച് 29ന് വില്‍ക്കാന്‍ എത്ര പേര്‍ പോയിട്ടുണ്ടാകും? ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചടിത്തീരുവ അഥവാ റെസിപ്രോക്കല്‍ ടാക്‌സ് മാത്രമല്ല സ്വര്‍ണത്തെ ഈ നിലയില്‍ എത്തിച്ചിരിക്കുന്നത്. ലോകം അതിസങ്കീര്‍ണമായ സാമ്പത്തിക പ്രതി സന്ധിയിലേക്കു വീഴുന്നു എന്നതിന്റെ സൂചനയാണ് സ്വര്‍ണത്തിന്റെ ഈ അസാധാരണ കയറ്റം. മറ്റൊരു നിക്ഷേപവും സുരക്ഷിതമല്ലെന്ന ഭീതിയില്‍ നിക്ഷേപകര്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. വില്‍ക്കാന്‍ ഒരു ഗ്രാം പോലും ഇല്ലാത്ത, വാങ്ങാന്‍ ആയിരം രൂപ തികച്ചില്ലാത്ത ബഹുഭൂരിപക്ഷവും ഇക്കാലത്ത് എന്തുചെയ്യണം? സ്‌പോട് ലൈറ്റ് ആരംഭിക്കുന്നു.
പൊന്നു വേണ്ടെന്നു പറയുമോ കേരളത്തിന്റെ ചെറുപ്പക്കാര്‍.
പൊന്നു വേണ്ടെന്നു പറയുമോ കേരളത്തിന്റെ ചെറുപ്പക്കാര്‍!
പാവപ്പെട്ടവൻ്റെ കയ്യിലുള്ള നാലുഗ്രാം സ്വര്‍ണംകൊണ്ട് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയാത്ത കാലമാണിത്. നാലു ഗ്രാം സ്വര്‍ണം വിറ്റാല്‍ 33,000 രൂപ കിട്ടും. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു മാസത്തെ കുടുംബച്ചെലവ് പോലും കഴിഞ്ഞുപോകില്ല. ഇതിൻ്റെ ദൂഷ്യം അനുഭവിക്കുന്നത് നിര്‍ഭാഗ്യവശാല്‍ വിവാഹങ്ങളിലാണ്. ഇന്നും സ്വര്‍ണം അണിയിക്കാതെ വിവാഹം നടത്താന്‍ കഴിയില്ല എന്ന ധാരണ പകുതി ജനതയിലെങ്കിലും രൂഢമൂലമാണ്. ശരീരത്തില്‍ അണിഞ്ഞില്ലെങ്കിലും പെട്ടിയില്‍ സ്വര്‍ണം കൊടുത്തുവിടണം എന്നു ശഠിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവില്ല. ആ മനോഭാവം മാറുന്നില്ല എന്ന സത്യം പ്രതിസന്ധിയിലാക്കുന്നത് പെണ്‍കുട്ടികളേയും ദരിദ്രരായ രക്ഷിതാക്കളേയുമാണ്. 10 പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പണിക്കൂലിയും പണിക്കുറവും ചേര്‍ത്ത് എട്ടു ലക്ഷം രൂപ കണ്ടെത്തണം. മൂന്നു സെൻ്റില്‍ ലൈഫ് മിഷനിലെ വീടുവച്ചു താമസിക്കുന്ന കുടുംബങ്ങള്‍ക്കൊന്നും ആലോചിക്കാന്‍ പോലും കഴിയാത്ത സ്ഥിതി. സ്വര്‍ണം വേണ്ടെന്നു പ്രഖ്യാപിക്കുന്നവരൊക്കെ കൂടുതലും സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യങ്ങളിലുള്ളവരാണ്. പലതരം ബാധ്യതകളും കഷ്ടപ്പാടുകളും കാരണം സ്വര്‍ണം വേണ്ടെന്നു പറയാന്‍ ദരിദ്രസാഹചര്യങ്ങളിലെ പെണ്‍ക്കുട്ടികള്‍ക്കും ആണ്‍ക്കുട്ടികള്‍ക്കും കഴിയാറില്ല. പല പെണ്‍കുട്ടികള്‍ക്കും സ്വന്തം വീട്ടില്‍ നിന്ന് ആജീവനാന്തം ലഭിക്കുന്ന വീതവും കല്യാണ സമയത്തെ സ്വര്‍ണമാകും. ഈ സാഹചര്യം മാറണമെങ്കില്‍ സ്വത്തു വീതം വയ്ക്കാന്‍ പുതിയ കുടുംബസംവിധാനങ്ങള്‍ ഉണ്ടാകണം. ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും തുല്യഅവകാശമുണ്ടാകുന്ന കാലത്തു മാത്രമെ സ്വര്‍ണംകൊടുത്ത് ഇറക്കിവിടുന്നത് അവസാനിക്കുകയുള്ളു.
Also Read: ഹിന്ദുക്കള്‍ പിടിച്ചടക്കിയ ബോധഗയ തിരിച്ചുപിടിക്കുമോ ബുദ്ധന്മാര്‍?
ആഗോള സ്വര്‍ണവിലയും പാവങ്ങളും
ഒരു പവന്‍ സ്വര്‍ണത്തിന് 66,880 രൂപ വില വന്ന മാര്‍ച്ച് 29. അന്നത്തെ ദിവസം അത്രയും തുകയുമായി എറണാകുളം മാര്‍ക്കറ്റില്‍ ചെന്നാല്‍ എന്തുകിട്ടും? ഏറ്റവും മുന്തിയ 1500 കിലോ മട്ട വടി അരി അളന്നുതൂക്കി വണ്ടിയില്‍ കയറ്റിത്തരും. 75 കിലോയുടെ 20 ചാക്ക് വരും ആ അരി. അതുകൊണ്ട് നാലംഗ കുടുംബത്തിന് മാസം മുപ്പതു കിലോ വച്ചെടുത്താലും നാലുവര്‍ഷം സുഭിക്ഷമായി കഴിയാം. അല്ലെങ്കില്‍ ഒന്നര ടണ്‍ ആട്ടയോ, രണ്ടു ടണ്‍ മൈദയോ വാങ്ങിച്ചാലും നാലുവര്‍ഷം ജീവിക്കാം. എന്താണ് ഇതിൻ്റെ അര്‍ത്ഥം? സ്വന്തം കഴുത്തിലും കാതിലും കയ്യിലും അണിഞ്ഞു നടക്കുന്ന ഓരോ പവനും ഓരോ കുടുംബത്തിനുള്ള നാലുവര്‍ഷത്തെ അരിക്കാശാണ്. പിടിച്ചുപറിക്കാരേയും കള്ളന്മാരേയും സൂക്ഷിക്കണം എന്നു പറയാനല്ല ഈ കണക്കു പറഞ്ഞത്. ചിലപ്പോള്‍ കയ്യിലുള്ള ഈ സ്വര്‍ണം മാത്രമേ വിലയുള്ളതായി ബാക്കിയുണ്ടാകൂ എന്ന് ഓര്‍മിപ്പിക്കാനാണ്. നമ്മള്‍ അറിയുന്നില്ലെന്നേയുള്ളൂ. ലോകത്തില്‍ പണമുള്ളവരെല്ലാം മുള്ളില്‍ നില്‍ക്കുന്ന സമയമാണിത്. ഒരു ബിസിനസില്‍ നിന്നും റിട്ടേണ്‍ കിട്ടാത്ത കാലം. ഓഹരി വിപണിയിലെ ചെറിയ അനക്കങ്ങള്‍പോലും ദിവസംതോറും ചൂതാട്ടം നടത്തുന്നവര്‍ സൃഷ്ടിക്കുന്നതാണ്. ലോകത്തെ ബഹുഭൂരിപക്ഷം കമ്പനികളും ലാഭത്തില്‍ പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ശമ്പളം നല്ല നിലയില്‍ കൂടാതായിട്ട് വര്‍ഷം മൂന്നു കഴിഞ്ഞു. വിലപ്പെരുപ്പം അതിൻ്റെ മൂര്‍ധന്യത്തിലേക്ക് എത്തുകയാണ്. അപ്പോള്‍ സാധാരണക്കാരന്‍ എന്തുചെയ്യണം?
Also Read: Empuraan| വെട്ടിക്കൂട്ടിയ പടങ്ങള്‍ ആര്‍ക്കുവേണ്ടി?
സ്വര്‍ണം 20 വര്‍ഷം കൊണ്ടു പോയ വഴി
ഏതാണ്ട് 20 വര്‍ഷം മുന്‍പ് 2005 ഒക്ടോബര്‍ പത്തിനാണ് സ്വര്‍ണത്തിന് ആദ്യമായി പവന്‍വില അയ്യായിരം കടക്കുന്നത്. അന്നത് മഹാത്ഭുതമായിരുന്നു. പിന്നീട് വന്ന 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി വിലക്കയറ്റം വേഗത്തിലാക്കി. അയ്യായിരം രൂപയിലേക്ക് പവന്‍ എത്താന്‍ 50 വര്‍ഷം എടുത്തു. പിന്നെ അയ്യായിരം കൂടി പതിനായിരത്തില്‍ എത്തിയത് മൂന്നുവര്‍ഷം കൊണ്ടാണ്. 2008 ഒക്ടോബര്‍ 9ന് 10,200 രൂപയായി. 2008ലാണ് അമേരിക്കയിലെ വമ്പന്‍ ബാങ്ക് തകര്‍ച്ച. തുടര്‍ന്ന് നിരവധി വ്യവസായങ്ങള്‍ പൂട്ടിപ്പോയി. ഓഹരി വിപണികള്‍ നിലംതൊട്ടു. തൊഴിലില്ലാതെ ജനങ്ങള്‍ പട്ടിണിയിലേക്കു നീങ്ങി. അന്ന് ഇന്ത്യ പിടിച്ചു നിന്നു. ഇവിടെ പാവങ്ങളുടെ കയ്യിലേക്ക് തൊഴിലുറപ്പു പോലുള്ള പദ്ധതികളിലൂടെ പണമെത്തി. ആ പണം വിപണിയിലെത്തി. ബാങ്കിങ് മേഖലയില്‍ മേല്‍ക്കൈ പൊതുമേഖലയ്ക്കും ആയിരുന്നു. ഗ്രാമീണ മേഖലയും ബാങ്കിങ് മേഖലയും പിടിച്ചു നിന്നതിനാല്‍ ഇന്ത്യ വലിയ വിഷമം അന്നറിഞ്ഞില്ല. ഇവിടെ സ്വര്‍ണത്തിന് പവന് പതിനായിരമായതു മാത്രമായിരുന്നു തൊട്ടറിയാവുന്ന പ്രതിഫലനം. 2008ല്‍ പവന് 10,000 ആയെങ്കിലും 25,000 ആകാന്‍ പിന്നെയും 11 വര്‍ഷമെടുത്തു. ലോകമെങ്ങും തിരിച്ചുവരുന്നതിൻ്റെ ലക്ഷണമായിരുന്നു അത്. 2019 ഫെബ്രുവരി 20ന് ആണ് കേരളത്തില്‍ പവന്‍ വില 25,000 കടന്നത്. പിന്നെ കോവിഡ് മഹാമാരി. അക്കാലത്തെ സാമ്പത്തിക തകര്‍ച്ചയില്‍ സ്വര്‍ണത്തിൻ്റെ കയറ്റത്തിന് വേഗം കൂടി. അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിച്ചു. 2024 മാര്‍ച്ച് 7ന് അരലക്ഷം പിന്നിട്ടു. പിന്നെ ഈ ജനുവരി 22ന് 60,000. ശേഷം മാര്‍ച്ച് 18ന് 66,000. മാര്‍ച്ച് 29ന് 66880. ഒരു ഗ്രാമിന് 8,360 എന്ന കൈപൊള്ളിക്കുന്ന വില.
എന്തുകൊണ്ട് വില ബഹിരാകാശത്ത്
മാര്‍ച്ച് 29ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3004 ഡോളറായിരുന്നു രാജ്യാന്തര വില. രൂപയിലാക്കിയാല്‍ രണ്ടര ലക്ഷം വരും. ഈ ജനുവരിക്കുശേഷം രാജ്യാന്തര വിലയില്‍ ഉണ്ടായ വര്‍ധന 15 ശതമാനമാണ്. സ്വര്‍ണത്തിൻ്റെ ചരിത്രത്തില്‍ ഇങ്ങനെ മൂന്നുമാസം കൊണ്ട് 15 ശതമാനം വില കൂടിയിട്ടില്ല. 2008 സാമ്പത്തിക പ്രതിസന്ധികാലത്തുപോലും ക്രമേണയായിരുന്നു വര്‍ദ്ധന. അമേരിക്കയും ചൈനയും റഷ്യയുമെല്ലാം ഉള്‍പ്പെട്ട വ്യാപാര യുദ്ധമാണ് പെട്ടെന്നുള്ള കാരണം. ഈ വ്യാപാരയുദ്ധത്തിനു തന്നെ കാരണം ആഗോള സാമ്പത്തിക മാന്ദ്യവുമാണ്. ചൈന നിര്‍മിക്കുന്ന ഇലക്ട്രോണിക് വാഹനങ്ങള്‍ അമേരിക്ക തടയാന്‍ കാരണം ആഭ്യന്തരമായി നിര്‍മിക്കുന്നവയ്ക്ക് കച്ചവടം ഇല്ലാത്തതാണ്. ചൈനയുടെ വാഹനങ്ങള്‍ തടഞ്ഞതോടെ പ്രതിസന്ധി ചൈനയിലേക്കും എത്തി. ഓരോ ഉല്‍പ്പന്നത്തിലും സമാന ആഘാതം കാണാം. ഇനി എല്ലാ രാജ്യങ്ങളും പരസ്പരം വിപണി തുറക്കാന്‍ തീരുമാനിച്ചാല്‍ പോലും പ്രശ്‌നം പരിഹരിക്കപ്പെടില്ല. കാരണം വിപണിയില്‍ ആകെയുള്ള പണം ഇപ്പോള്‍ സ്വര്‍ണത്തില്‍ കാണുന്നതു മാത്രമാണ്. ക്യാഷ് ക്രഞ്ച് അഥവാ പണം എല്ലാവരില്‍ നിന്നും ഒലിച്ചുപോയ അവസ്ഥയാണ്. കയ്യില്‍ 85 രൂപയുണ്ടെങ്കിലെ ഒരു ഡോളറാകൂ എന്ന സ്ഥിതി ഇന്ത്യക്കാരന്. മുന്‍പ് 3 ഡോളറിന് വാങ്ങിയിരുന്നതു കിട്ടാന്‍ 10 ഡോളര്‍ മുടക്കണം എന്ന സ്ഥിതി അമേരിക്കക്കാരന്. ഈ കാലത്തിന്റെ കഷ്ടപ്പാടാണ് സ്വര്‍ണവിലയുടെ രൂപത്തില്‍ വിഷംചീറ്റി നില്‍ക്കുന്നത്. ഇവിടെ പൊന്നണിയാത്ത പെണ്ണിനെ മാത്രം മതി എന്നു പരസ്യമായി പ്രഖ്യാപിക്കുന്ന ആണ്‍കുട്ടികള്‍ക്കായി കാത്തിരിക്കുകയാണ് കേരളം. പൊന്നില്ലാത്ത പെണ്ണിനാണ് ഭംഗിയെന്നു പറയുന്ന പൊന്മാന്‍മാരാണ് കൂടുതല്‍ ഉണ്ടാകേണ്ടത്. അതിന് എത്രപേര്‍ തയ്യാറാകും?