"മുഖ്യമന്ത്രി ഇനിയും കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്നു. ജനതാൽപര്യമല്ല പിണറായിയുടെ താൽപര്യമാണ് സിപിഐഎം സംരക്ഷിക്കുന്നത്"
മാസപ്പടിക്കേസിൽ വീണ തൈക്കണ്ടിയിലിനെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിൽ പ്രതികരിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കുറ്റപത്രം സമർപ്പിച്ചതിനു ശേഷവും സിപിഎം നേതാക്കൾ പറയുന്നത് കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ്. അന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ തള്ളിയത് നേതാക്കൾ അറിയാഞ്ഞിട്ടാണോയെന്ന് വി. മുരളീധരൻ ചോദിച്ചു.
പാർട്ടി കോൺഗ്രസിൽ നട്ടല്ലുള്ള ആരെങ്കിലും ഉണ്ടങ്കിൽ പ്രതികരിക്കണം. മകൾ ജയിലിലേക്ക് പോകുമ്പോൾ അച്ഛൻ മുഖ്യമന്ത്രിയായി ഇരിക്കുന്നു. മുഖ്യമന്ത്രി ഇനിയും കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്നു. ജനതാൽപര്യമല്ല പിണറായിയുടെ താൽപര്യമാണ് സിപിഐഎം സംരക്ഷിക്കുന്നത്. ധാർമികതയുടെ പേരിലെങ്കിലും മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും വി. മുരളീധരൻ പറഞ്ഞു.
വീണ തൈക്കണ്ടിയിലിനെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിൽ വീണയുടേത് രാഷ്ട്രീയ കേസല്ല, മുഖ്യമന്ത്രി രാജി വെക്കണമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചിരുന്നു. മാസപ്പടി കേസ് രാഷ്ട്രീയ പ്രേരിതമല്ല, കള്ളപ്പണവുമായി ബന്ധപ്പെട്ട കേസാണ്. വീണയുടെ കമ്പനി ഒരു സേവനവും നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞുവെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. വീണ പറഞ്ഞത് കേട്ടാണ് എസ്എഫ്ഐഒ പ്രതി ചേർത്തത്. പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽ പെട്ടപ്പോൾ എടുത്ത നിലപാടല്ലല്ലോ ഇത്, പിണറായിയോടും കോടിയേരിയോടും എന്താണ് സിപിഎമ്മിന് ഇരട്ടത്താപ്പ്? പിണറായി വിജയൻ അധികാരത്തിലിരിക്കുന്നത് കൊണ്ടാണോയെന്നും വി.ഡി. സതീശൻ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കുറ്റപത്രം സമർപ്പിച്ചത്. വീണയെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി. ഡൽഹിയിലെ പ്രത്യേക കോടതിയില്‍ എസ്എഫ്ഐഒ കുറ്റപത്രം നല്‍കി. വീണാ തൈക്കണ്ടിയിൽ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കമ്പനി നിയമം അനുസരിച്ചാണ് എസ്എഫ്ഐഒ നടപടി. വീണയ്ക്ക് ഒപ്പം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും കേസിൽ പ്രതികളാണ്.