നീതിക്കായി ഏത് അറ്റം വരെയും പോരാടും എന്നും അച്ഛൻ പ്രതികരിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മകൾ ചൂഷണത്തിന് ഇരയായി എന്നതിൻ്റെ തെളിവുകളാണ് പുറത്തുവരുന്നതെന്ന് മേഘയുടെ അച്ഛൻ. നീതിക്കായി ഏത് അറ്റംവരെയും പോരാടും എന്നും അച്ഛൻ പ്രതികരിച്ചു.
മകൾ എല്ലാ തരത്തിലും ചൂഷണത്തിനിരയായി എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതെല്ലാം കൃത്യമായി കോടതിയിൽ പൊലീസ് സമർപ്പിക്കും എന്നാണ് പ്രതീക്ഷ. മുൻകൂർ ജാമ്യ അപേക്ഷയിൽ വാദത്തിനായി പ്രത്യേക അഭിഭാഷകനെ കുടുംബം നിയോഗിച്ചുവെന്നും അച്ഛൻ അറിയിച്ചു.
മേഘയുടെ മരണത്തിൽ സുഹൃത്ത് സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇരുവരുടെയും വ്യാജ വിവാഹ ക്ഷണക്കത്ത് പൊലീസ് കണ്ടെടുത്തു. മേഘയെ ഗർഭഛിദ്രത്തിന് വിധേയമാക്കാനാണ് വ്യാജ രേഖകളുണ്ടാക്കിയത് എന്നാണ് പൊലീസ് നിഗമനം.
മേഘയുടെ മരണത്തിൽ സുകാന്തിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് കണ്ടെടുത്ത രേഖകൾ. ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മേഘയുടെ ഗർഭഛിദ്രം നടത്തി. ഇതിനായി തയ്യാറാക്കിയ വ്യാജ വിവാഹക്ഷണക്കത്ത് പൊലീസ് കണ്ടെടുത്തു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകൾ കുടുംബം നേരത്തെ പൊലീസിന് കൈമാറിയിരുന്നു. ഗർഭഛിദ്രം നടത്തിയ ശേഷമാണ് വിവാഹത്തിന് താൽപര്യമില്ലെന്ന് സുകാന്ത് മേഘയുടെ അമ്മയെ അറിയിക്കുന്നത്. ഇക്കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്.
കഴിഞ്ഞ ദിവസം സുകാന്തിനെ പ്രതിയാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകളാണ് സുകാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രതി മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്.