കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്നതിനാൽ ആശുപത്രിയിൽ ചികിത്സിക്കാൻ സ്ഥലം ഇല്ലെന്ന് ഗാസയിലെ മെഡിക്കൽ ഡയറക്ടർ അറിയിച്ചു
ഗാസയിൽ ഇസ്രയേലിൻ്റെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗാസയിൽ ദിവസേന 100 കുട്ടികൾ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്യുന്നുണ്ടെന്ന് യുഎൻആർഡബ്ല്യു മേധാവി അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ മുതലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 28 പലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. കൊല്ലപ്പെടുന്നവരുടേയും, പരിക്കേൽക്കുന്നവരുടേയും എണ്ണം കൂടുന്നതിനാൽ ഗാസ സിറ്റിയിലെ അൽ-അഹ്ലി ആശുപത്രിയിൽ ചികിത്സിക്കാൻ സ്ഥലം ഇല്ലെന്ന് മെഡിക്കൽ ഡയറക്ടർ അറിയിച്ചു.
അതേസമയം, മിഡിൽ ഈസ്റ്റിനായുള്ള യുഎസ് ഡെപ്യൂട്ടി പ്രത്യേക പ്രതിനിധി മോർഗൻ ഒർടാഗസ്, നേതാക്കളുമായി ചർച്ച നടത്തുന്നതിനായി ലബനനിലെത്തി. ട്രംപ് അധികാരത്തിലേറിയതിന് ശേഷമുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഇസ്രയേൽ ആക്രമണങ്ങൾ മൂലം വെടിനിർത്തൽ കൂടുതൽ വഷളാകുന്നതിനിടെയാണ് യുഎസ് പ്രതിനിധി സന്ദർശനത്തിനെത്തിയത്. ബെയ്റൂട്ടിലെ വ്യോമാക്രമണങ്ങൾ ഉൾപ്പെടെ ലബനനിലേക്കുള്ള ആക്രമണങ്ങൾ ഇസ്രയേൽ സൈന്യം ശക്തമാക്കിയിട്ടുണ്ട്. തെക്കൻ ഖാൻ യൂനിസിൽ ഒരു ചാരിറ്റി നടത്തുന്ന ഭക്ഷണശാലയ്ക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: പപുവ ന്യൂ ഗിനിയയിലെ ന്യൂ ബ്രിട്ടന്‍ തീരത്ത് വന്‍ ഭൂകമ്പം; 6.9 തീവ്രത രേഖപ്പെടുത്തി
കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഗാസ പിടിച്ചെടുക്കുമെന്നും, വിഭജിക്കുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ എത്ര പ്രദേശം പിടിച്ചെടുക്കുമെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ഹമാസിനെ സമ്മർദത്തിലാക്കുന്നതിന് വേണ്ടി ഇസ്രയേൽ ഒരുമാസത്തിലേറെയായി മുനമ്പിലേക്കുള്ള ഭക്ഷണം, ഇന്ധനം, തുടങ്ങിയ സഹായങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. നെതന്യാഹുവിൻ്റെ പ്രഖ്യാപനം കുടിയിറക്കൽ ഭീഷണിക്ക് വഴിവെച്ചിരിക്കുകയാണ്. കൂടാതെ ഈ പ്രദേശങ്ങളുടെ നിയന്ത്രണം സ്ഥിരമായി ഇസ്രയേലിന് കീഴിലായിരിക്കുമോ എന്ന ആശങ്കയും ഇവിടുത്തെ ജനങ്ങൾക്ക് ഉണ്ട്.
2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണമാണ് ഗാസയിൽ യുദ്ധത്തിന് തുടക്കമിട്ടത്. ഇതിനുപിന്നാലെ ഇസ്രയേലും ഹമാസും തമ്മിൽ ഒപ്പുവച്ച ആദ്യ വെടിനിർത്തൽ കരാർ ജനുവരി 19 മുതൽ മാർച്ച് 18 വരെ മാത്രമാണ് നീണ്ടുനിന്നത്. ഇതിനുപിന്നാലെ ഗാസയിലേക്ക് വീണ്ടും ഇസ്രയേൽ ആക്രമണം ആരംഭിക്കുകയും ചെയ്തു. വെടിനിർത്തലിൻ്റെ ആദ്യ ഘട്ടത്തിൽ,ഹമാസ് 33 ബന്ദികളെ മോചിപ്പിച്ചിരുന്നു. 59 ഓളം ബന്ദികളെ ഇപ്പോഴും സംഘം കൈവശം വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ എല്ലാവരും ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇല്ല.