പാർട്ടി മെമ്പർമാരിൽനിന്നും 500 രൂപ വീതം പിരിച്ച് രണ്ട് കോടി സമാഹരിക്കാനാണ് തീരുമാനം
കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച സിപിഎം നേതാക്കൾ
പെരിയക്കേസിൽ വീണ്ടും പണപ്പിരിവുമായി സിപിഎം. പാർട്ടി മെമ്പർമാരിൽനിന്നും 500 രൂപ വീതം പിരിച്ച് രണ്ട് കോടി സമാഹരിക്കാനാണ് തീരുമാനം. പണം പിരിച്ച ശേഷം ഈ മാസം 20 നകം ഏരിയ കമ്മറ്റികൾ ജില്ലാ കമ്മിറ്റിയെ ഏൽപ്പിക്കണമെന്നാണ് നിർദേശം. നിലവിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്കല്ലാതെ മറ്റാർക്കും പാർട്ടി ബന്ധമില്ലെന്ന് നേതൃത്വം ആവർത്തിച്ച് പറയുമ്പോഴാണ് സ്‌പെഷ്യൽ ഫണ്ടെന്ന പേരിൽ പ്രതികളുടെ നിയമ പോരാട്ടത്തിനും കുടുംബങ്ങളുടെ സംരക്ഷണത്തിനുമായി പണപ്പിരിവ് നടത്തുന്നത്.
കാസർഗോഡ് ജില്ലയിൽ ആകെ 28,970 അംഗങ്ങളാണ് സിപിഎമ്മിനുള്ളത്. ഒരംഗം കുറഞ്ഞത് 500 രൂപ നൽകണം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നാണ് നിർദേശം. ഓരോ ബ്രാഞ്ചിനും ക്വോട്ട നിശ്ചയിച്ചാണ് പിരിവ്. ഒരുതരത്തിലുള്ള വീഴ്ചയും ഉണ്ടാകരുതെന്നും ഇക്കാര്യം ഏരിയാകമ്മിറ്റി നേരിട്ട് മോണിറ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.
ALSO READ: അബ്ദുൽ റഹീമിന്റെ മോചനം: കേസ് റിയാദ് ക്രിമിനൽ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
പെരിയക്കേസിനു വേണ്ടി രണ്ടാം തവണയാണ് സിപിഎം ഫണ്ട് സമാഹരിക്കുന്നത്. 2021 നവംബർ–ഡിസംബർ മാസങ്ങളിൽ വലിയതോതിൽ പണം പിരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസിൻ്റെ അന്തിമ ജോലികൾക്കെന്ന് പറഞ്ഞാണ് അന്ന് പണം പിരിച്ചത്. അന്നും പാർട്ടി അംഗങ്ങളിൽ നിന്നു മാത്രമായിരുന്നു പിരിവ്.
പെരിയ കേസിൽ ശിക്ഷവിധിക്കപ്പെട്ട 14 പേരില്‍ നാല് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് ഇരുപതാം പ്രതി കെ.വി. കുഞ്ഞിരാമന്‍, ഡിവൈഎഫ്ഐ നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന്‍, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, പ്രാദേശിക സിപിഎം നേതാവ് കെ.വി. ഭാസ്കരൻ എന്നിവരാണ് സിപിഎം നേതാക്കൾ.
ALSO READ: എൻ.എം. വിജയൻ്റെ മരണം: കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും
ഇവരുടെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി നാലുപേരുടെയും ശിക്ഷാവിധി സ്റ്റേ ചെയ്തിരുന്നു. പ്രതികളുടെ ശിക്ഷ മരവിപ്പിച്ച നടപടിയിൽ പ്രോസിക്യൂഷൻ്റെ വാദം പോലും കേൾക്കാതിരുന്നത് ശരിയായില്ലെന്നാണ് കുടുംബത്തിൻ്റെ പക്ഷം. ഗൂഢാലോചനയിൽ പ്രതികൾക്ക് വ്യക്തമായ പങ്കുണ്ട്. പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇരകളുടെ കുടുംബം പ്രതികരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സിപിഎമ്മിൻ്റെ പണപ്പിരിവ്.