കേസിൽ ജാമ്യം തേടിയുള്ള രണ്ടാം പ്രതി അനുശാന്തിയുടെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു
അനുശാന്തിയും നിനോ മാത്യുവും
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യോപാധികൾ വിചാരണ കോടതിയായ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2016ൽ വിചാരണ കോടതി രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും വിധിച്ചിരുന്നു. അതേസമയം കേസിൽ ജാമ്യം തേടിയുള്ള രണ്ടാം പ്രതി അനുശാന്തിയുടെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
നിനോ മാത്യുവിൻ്റെ വധശിക്ഷ ഹൈക്കോടതി 25 വർഷമാക്കി കുറച്ചെങ്കിലും അനുശാന്തിക്ക് ശിക്ഷാ ഇളവ് നൽകിയിരുന്നില്ല. പൊലീസ് അതിക്രമത്തിൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നടക്കം ചൂണ്ടിക്കാട്ടിയായിരുന്നു അനുശാന്തി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കാഴ്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലെന്ന വാദം കോടതിയുടെ ദയ ലഭിക്കാനാണ് ഉന്നയിക്കുന്നതെന്നും, ശിക്ഷ റദ്ദാക്കരുതെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും ശിക്ഷ റദ്ദാക്കരുതെന്നുമായിരുന്നു സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം.
നിലവിൽ തിരവനന്തപുരം വനിതാ ജയിലിൽ തടവുശിക്ഷയിലാണ് അനുശാന്തി. മുന്‍പ് നേത്രരോഗ ചികിത്സയ്ക്കായി പരോള്‍ ആവശ്യപ്പെട്ട് ഇവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മയോപ്പിയ എന്ന രോഗമാണ് അനുശാന്തിയെ ബാധിച്ചിരിക്കുന്നതെന്നും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായതായും ചികിത്സ ലഭിച്ചില്ലെങ്കില്‍ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച ഉടന്‍ നഷ്ടമാകുമെന്നുമായിരുന്നു അന്നത്തെ വാദം.
2014 ഏപ്രില്‍ 16ന് നടന്ന ക്രൂരകൃത്യമാണ് കേസിനാസ്പദം. കാമുകനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥനായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിന് സഹായവും ആസൂത്രണവും ചെയ്തത് അനുശാന്തിയാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.