സിപിഐഎം അംഗമായ റോണി പാണംതുണ്ടിലാണ് പാർട്ടിയുടെ തന്നെ ചെയർപേഴ്സനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ആരോപണം തള്ളി
അടൂർ നഗരസഭാ ചെയർപേഴ്സനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം കൗൺസിലർ. ലഹരി വിൽപ്പനയ്ക്ക് ചെയർപേഴ്സണ്‍ സഹായം നൽകുന്നുവെന്നാണ് ആരോപണം. സിപിഐഎം അംഗമായ റോണി പാണംതുണ്ടിലാണ് പാർട്ടിയുടെ തന്നെ ചെയർപേഴ്സനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ റോണി പാണംതുണ്ടിലിൻ്റെ ആരോപണം തള്ളിയിരിക്കുകയാണ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്.
സിപിഐഎം കൗൺസിലർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ലഹരിക്കച്ചവട കേന്ദ്രമായ ഒരു കടയ്ക്കെതിരെ നഗരസഭ നടപടിയെടുക്കുന്നില്ലെന്നാണ് കൗൺസിലറുടെ ആരോപണം. പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ല. ചെയർപേഴ്സിന് നേരിട്ട് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നല്ല, എന്നാൽ വഴിവിളക്ക് ഉൾപ്പെടെ പുനഃസ്ഥാപിക്കാത്തത് ലഹരി സംഘത്തിന് സഹായകമാകുന്നു എന്നാണ് തൻ്റെ പക്ഷമെന്നും കൗൺസിലർ റോണി പാണംതുണ്ടിൽ പറഞ്ഞു. വഴിവിളക്ക് പുനഃസ്ഥാപിക്കുക എന്നത് സിപിഐഎം ബ്രാഞ്ച് സമ്മേളനം ഉൾപ്പെടെ ആവശ്യപ്പെട്ടതാണെന്നും കൗൺസിലർ ശബ്ദ സന്ദേശത്തിൽ പറയുന്നു.
ALSO READ: ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം; ചെത്തു തൊഴിലാളിക്ക് പരിക്കേറ്റത് വാരിയെല്ലിന്
"നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് നിങ്ങളുടെ നല്ലതിനല്ല. ഇതിൻ്റെ പേരിൽ നിങ്ങൾക്ക് എന്നെ സസ്പെൻഡ് ചെയ്യാം, എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. നഗരത്തിലെ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത് ചെയർപേഴ്സണും ശിങ്കിടിമാരുമാണ്," റോണി പാണംതുണ്ടിൽ ആരോപിച്ചു. മഹിളാ അസോസിയേഷൻ്റെ സംസ്ഥാന കമ്മിറ്റി അംഗമായ കൗൺസിലർ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിന് സമീപം മയക്കുമരുന്ന് വിൽക്കാനുള്ള കട തുറന്നു നൽകാൻ കൂട്ടുനിൽക്കുകയാണെന്നും ചെയർപേഴ്സൺ പറയുന്നു. എന്നാൽ ആരോപണങ്ങളെയെല്ലാം പൂർണമായും തള്ളുകയാണ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്.