മകനെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ പിതാവ് രാമ ശങ്കർ ചൗഹാൻ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു
ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിൽ പിതാവിൻ്റെ കൈയ്യിൽ നിന്ന് പണം വാങ്ങുന്നതിന് തട്ടിക്കൊണ്ട് പോകൽ നാടകം നടത്തിയ യുവാവ് പിടിയിൽ. 28 കാരനായ പ്രദീപ് ചൗഹാനാണ് പിതാവിൻ്റെ കൈയ്യിൽ നിന്ന് പണം വാങ്ങുന്നതിന് തട്ടിക്കൊണ്ട് പോകൽ നാടകം നടത്തിയതിൻ്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 7ന് തന്നെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് പിതാവിന് സന്ദേശം അയക്കുകയും, അതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. മകനെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ പിതാവ് രാമ ശങ്കർ ചൗഹാൻ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദീപിൻ്റെ ലൊക്കേഷൻ കണ്ടെത്തി. ഹിഞ്ചേവാഡി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് പ്രദേശത്താണ് പ്രദീപിൻ്റെ ലൊക്കേഷൻ കണ്ടെത്തിയതെന്ന് ചൗരി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് പറഞ്ഞു. അതിനുശേഷം ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
ALSO READ: ചെന്നൈയിൽ ഡോക്ടറും കുടുംബവും ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ്
"പണം ആവശ്യമുള്ളതിനാലാണ് പിതാവിൽ നിന്ന് പണം വാങ്ങമെന്ന് കരുതിയത്. അതിന് വേണ്ടിയാണ് വ്യാജ തട്ടിക്കൊണ്ടുപോകൽ സന്ദേശം അയച്ചതെന്ന് പ്രദീപ് സമ്മതിച്ചു. ആരോടും സ്വമേധയാ പറയാതെയാണ് താൻ വീട് വിട്ടതെന്നും യഥാർഥത്തിൽ തട്ടിക്കൊണ്ടുപോയിട്ടില്ല", പ്രദീപ് പറഞ്ഞു. ഹോളി ഉത്സവം അടുത്തുവരികയാണെന്ന് പറഞ്ഞ് പിതാവ് മകൻ്റെ ജാമ്യത്തിനായി അപേക്ഷിച്ചു. സമാനമായ ഒരു സംഭവം പൂനെയിലും റിപ്പോർട്ട് ചെയ്തതായി പൊലീസ് പറഞ്ഞു. പണമിടപാടുകാരുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു വജ്രാഭരണ വ്യാപാരി തന്നെ തട്ടിക്കൊണ്ട് പോയെന്ന് വ്യാജകഥ മെനെഞ്ഞെന്നാണ് കണ്ടെത്തിയത്.