സർക്കാരിന്റെ നയം വളരെ വ്യക്തമാണ്. അത് മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും വളരെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാരിന് ഇതിൽ ഒളിച്ചുവെക്കേണ്ട ഒരു കാര്യവും ഇല്ല. സർക്കാരിന്റെ നയം വളരെ വ്യക്തമാണ്. അത് മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും വളരെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സാക്ഷിമൊഴികൾ പുറത്തു വന്നാൽ അവർ അനുഭവിച്ചേക്കാവുന്ന പ്രത്യാഘാതം ഇല്ലാതാക്കാൻ മൊഴികൾക്ക് പരിപൂർണ രഹസ്യാത്മകത ഉറപ്പാക്കണമെന്നാണ് കമ്മിറ്റി ചൂണ്ടി കാണിച്ചത്. ഇതൊക്കെ മുന്നിൽ നിൽക്കെ സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവച്ചെന്നാരോപിക്കുന്നതിൽ ഒരു അടിസ്ഥാനമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. റിപ്പോർട്ടിന്റെ ഒരു ഭാഗവും വെട്ടി നൽകേണ്ടതോ കൂട്ടിച്ചേർക്കേണ്ടതോ ആയ കാര്യം സർക്കാരിനില്ല. റിപ്പോർട്ടിൽ ഒരു കൈകടത്തലും സർക്കാർ നടത്തിയിട്ടില്ല എന്നും ഗോവിന്ദൻ വ്യക്തമാക്കി.
ALSO READ: വേട്ടക്കാരൻ്റെ പേര് ഒഴിവാക്കാൻ ആരും പറഞ്ഞിട്ടില്ല, പുഴുക്കുത്തുകൾ പുറത്തുവരണം: ജഗദീഷ്
കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പുറത്തു വിടേണ്ടത്, വിടാതിരിക്കേണ്ടത് എന്നിങ്ങനെ തരം തിരിച്ചിട്ടില്ല. എല്ലാം ഒന്നിച്ചാണ് ഉണ്ടായിരുന്നത്. 2020 ലെ വിവരാകാശ കമ്മീഷനെ ഓവർ റൂൾ ചെയ്താണ് 2024 ലെ കമ്മീഷൻ ഉത്തരവ് ഇറക്കിയത്. സ്വകാര്യത ഉള്ള ഭാഗങ്ങൾ ഒഴിവാക്കി മറ്റെല്ലാം പ്രസിദ്ധപ്പെടുത്തണമെന്നായിരുന്നു നിർദ്ദേശം.
എന്നാൽ ഇതിനായി സർക്കാർ ഒരുങ്ങുമ്പോഴായിരുന്നു ഒരു നിർമ്മാതാവ് തടസ്സ വാദവുമായി എത്തിയത്. ഇത് പരിഗണിച്ച കോടതി ആദ്യം സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയും ശേഷം പിൻവലിക്കുകയും ചെയ്തു. പിന്നീട് സർക്കാർ റിപ്പോർട്ട് പുറത്തുവിടാൻ ഒരുങ്ങിയപ്പോൾ ഒരു നടി വീണ്ടും തടസ്സ വാദമായി എത്തി. ഇതിലും നടപടി വന്ന ശേഷമാണ് കഴിഞ്ഞ ഒമ്പതാം തിയതി റിപ്പോർട്ട് പുറത്തു വിട്ടതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.