13 വയസ് മുതൽ പിന്തുണയ്ക്കുന്ന കെസിഎയ്ക്ക് തിരിച്ചു കൊടുക്കാൻ കഴിയുന്ന പരമാവധി തിരിച്ച് നൽകുമെന്ന് സഞ്ജു പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള (കെസിഎ) പ്രശ്നങ്ങൾ അവസാനിച്ചെന്ന സൂചനയുമായി ഇന്ത്യൻ താരം സഞ്ജു സാംസൺ. കേരളത്തിനായി വീണ്ടും കളിക്കുമെന്നും 13 വയസ് മുതൽ കെസിഎ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും സഞ്ജു പറഞ്ഞു. കേരത്തിന്റെ രഞ്ജി ഫൈനൽ കാണാൻ ഗ്രൗണ്ടിൽ ഉണ്ടാകുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ഐസിസി ചാംപ്യൻസ് ട്രോഫിയിലേക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് അവസരം കിട്ടാത്തതോടെയാണ് കെസിഎയുമായുള്ള തർക്കം പുറംലോകമറിഞ്ഞത്. വിവാദങ്ങൾ തുടരുന്നതിനിടെയാണ് കെസിഎയേയോട് നിലപാട് മയപ്പെടുത്തിയുള്ള സഞ്ജുവിന്റെ പ്രതികരണം. 13 വയസ് മുതൽ പിന്തുണയ്ക്കുന്ന കെസിഎയ്ക്ക് തിരിച്ചു കൊടുക്കാൻ കഴിയുന്ന പരമാവധി തിരിച്ച് നൽകുമെന്ന് സഞ്ജു പറഞ്ഞു.
വിവാദങ്ങളിലല്ല കളിയിലാണ് ശ്രദ്ധയെന്നാണ് സഞ്ജുവിൻ്റെ പ്രസ്താവന. പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകുമെന്നും കെസിഎ തന്നെ ഒതുക്കുന്നു എന്ന തോന്നൽ ഇല്ലെന്നും സഞ്ജു പറഞ്ഞു. ഇപ്പോഴും വിശ്രമത്തിൽ ആണ്. അച്ചടക്ക പ്രശ്നങ്ങൾ ഇല്ലെന്നും താരം പറഞ്ഞു.
ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനലിൽ എത്തിയ കേരള ടീമിനെ സഞ്ജു അഭിനന്ദിച്ചു. യുവതാരങ്ങളും സീനിയർ താരങ്ങളും ഒരുപോലെ മികച്ചു നിന്നു. ഫൈനൽ പ്രവേശം സിനിമ ക്ലൈമാക്സ് പോലെ തോന്നിയെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
ALSO READ: ആരാണ് കേരള രഞ്ജി ടീമിനെ ഫൈനലിൽ എത്തിച്ച അമേയ് ഖുറാസിയ?
രഞ്ജി ട്രോഫി ടീമിൽ ഇല്ലാത്തതിൽ വിഷമം ഉണ്ടെന്നും ഫൈനലിൽ ടീമിനെ പിന്തുണയ്ക്കാനുണ്ടാകുമെന്നും സഞ്ജു പറഞ്ഞു. കേരളത്തിൽ നിന്ന് വളർന്നുവരുന്ന താരങ്ങൾക്കായി റേസ് ബൈ സഞ്ജു എന്ന പേരിൽ അക്കാദമി തുടങ്ങാനൊരുങ്ങുകയാണ് സഞ്ജു സാംസൺ.