മത്സരം സമനിലയിലാക്കാനും അധിക സമയത്തിലേക്ക് നീട്ടാനുമുള്ള സുവർണാവസരം ക്രിസ്റ്റ്യാനോ റൊണാൾഡോ നഷ്ടപ്പെടുത്തിയതോടെ ടീം തോൽവിയിലേക്ക് വഴുതിവീഴുകയായിരുന്നു
കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ അൽ താവുനോട് പരാജയപ്പെട്ട് അൽ നസർ പുറത്ത്. എതിരില്ലാത്ത ഒരു ഗോളിനാണ് അൽ നസർ പരാജയമേറ്റുവാങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ 96ാം മിനിറ്റിൽ അൽ നസറിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു. മത്സരം സമനിലയിലാക്കാനും അധിക സമയത്തിലേക്ക് നീട്ടാനുമുള്ള സുവർണാവസരം ക്രിസ്റ്റ്യാനോ റൊണാൾഡോ നഷ്ടപ്പെടുത്തിയതോടെ ടീം തോൽവിയിലേക്ക് വഴുതിവീഴുകയായിരുന്നു.
കിങ്സ് കപ്പ് റൗണ്ട് 16 മത്സരത്തിലായിരുന്നു അൽ താവൂനും അൽ നസറും ഏറ്റുമുട്ടിയത്. 71ാം മിനിറ്റിൽ മത്സരത്തിലാണ് ആദ്യ ഗോൾ പിറന്നത്. അൽ താവൂൻ താരം വാലിദ് അൽ അഹമ്മദാണ് റോണോയേയും സംഘത്തേയും ഞെട്ടിച്ച് ഗോൾ നേടിയത്. പിന്നാലെ സമനില ഗോൾ കണ്ടെത്താനായി അൽ നസറിന്റെ ശ്രമം. 96ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ ക്രിസ്റ്റ്യാനോയുടെ ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പറക്കുന്നതാണ് കണ്ടത്.
ഈ ഷോട്ട് ഗ്യാലറിയിൽ നിൽക്കുന്ന ഒരു കുഞ്ഞ് ആരാധകൻ്റെ കയ്യിലെ ഫോൺ തെറിപ്പിക്കുന്നതും, ഷോട്ടിൻ്റെ പവറിൽ കുട്ടി ബാലൻസ് തെറ്റി താഴെ വീഴുന്നതും കാണാം. ഈ സീസണിൽ ഒരു കിരീടവും നേടാനാകാതെ അൽ നസർ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്. സൗദി പ്രോ ലീഗിൽ ഗോൾ വേട്ടയിലും ക്രിസ്റ്റ്യാനോയേക്കാൾ മുന്നിൽ നിരവധി പേരുണ്ട്.
ALSO READ: സ്പോർട്ടിങ് സി.പിയുടെ കോച്ചായ റൂബൻ അമോറിമിനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇതിന് മുമ്പ് അല്‍ നസറിനായി എടുത്ത 18 പെനാല്‍റ്റി കിക്കുകളും വലയിലാക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിരുന്നു. സൗദി ക്ലബ്ബിനൊപ്പം പ്രധാനപ്പെട്ട ഒരു കിരീടത്തില്‍ മുത്തമിടാനായിട്ടില്ലെന്ന വിമർശനം ഉയരുന്നതിനിടെ പ്രതികരണവുമായി റൊണാൾഡോ തന്നെ രംഗത്തെത്തി.
എല്ലാ വെല്ലുവിളികളും ഉയർച്ചയിലേക്കുള്ള അവസരങ്ങളാണെന്ന് മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നവംബർ ഒന്നിന് സൗദി പ്രോ ലീഗിലാണ് അൽ നസറിന്റെ അടുത്ത മത്സരം. നിലവിൽ സൗദി പ്രോ ലീഗിലെ പോയിൻ്റ് പട്ടികയിൽ മൂന്നാമതാണ് അൽ നസർ.