സംഭവം നടക്കുന്നത് 1989 ലോ 90 ലോ ആണ്. അന്യഗ്രഹ ജീവികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ സോവിയറ്റിന്റെ പട്ടാളക്കാര്‍ കല്ലുകളായി മാറി!
രണ്ടാം ലോക മഹായുദ്ധത്തില്‍ ഒന്നിച്ചു നിന്ന് ജര്‍മനിയെ തകര്‍ത്ത അമേരിക്കയും സോവിയറ്റ് യൂണിയനും യുദ്ധത്തിനു ശേഷം കടുത്ത ശത്രതയിലായി. ഈ ശത്രുത ലോകത്തെ രണ്ട് ചേരികളിലാക്കി. പടിഞ്ഞാറന്‍ യൂറോപ്പിലെ രാജ്യങ്ങള്‍ അമേരിക്കന്‍ ചേരിയില്‍ ചേര്‍ന്നപ്പോള്‍ കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങള്‍ സോവിയറ്റ് ചേരിയില്‍ ചേര്‍ന്നു.
1945 മുതല്‍ 1989 വരെ നാലര പതിറ്റാണ്ട് നീണ്ടു നിന്ന സംഘര്‍ഷാവസ്ഥ... യുദ്ധ സമാനമായ ഈ സംഘര്‍ഷാവസ്ഥയെയാണ് ശീതയുദ്ധം എന്ന് വിളിക്കുന്നത്. ഈ കാലഘട്ടത്തില്‍ രണ്ട് വന്‍ ശക്തികളും സൈനികസന്ധികള്‍, കുപ്രചരണം, ചാരവൃത്തി, ആയുധകിടമത്സരം, വ്യവസായിക പുരോഗതി, ബഹിരാകാശപ്പന്തയം അങ്ങനെ സാധ്യമായ എല്ലാ മേഖലകളിലും പരസ്പരം മത്സരിച്ചു.
ഇതെല്ലാം ലോകത്തിന് അറിയാവുന്ന കാര്യങ്ങളാണ്. ചരിത്ര സത്യങ്ങളായി നമ്മള്‍ പഠിച്ചുകഴിഞ്ഞ വിവരങ്ങള്‍. എന്നാല്‍, ഒരു ചരിത്ര പുസ്‌കത്തിലും ഇല്ലാത്ത ആരും ഇതുവരെ പഠിച്ചിട്ടുമില്ലാത്ത ഒരു വിവരം അടുത്തിടെ പുറത്തുവന്നു. അത് പുറത്തുവിട്ടത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയാണ്. ഒരു പേജില്‍ മാത്രം ഒതുങ്ങുന്ന ഈ കുറിപ്പാണ് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നത്. എന്താണ് ആ രേഖ? എന്താണ് ശീതയുദ്ധകാലത്ത് ആരും അറിയാതെ പോയ അമാനുഷിക ശക്തി.
1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം അവരുടെ ചാര സംഘടനയായ കെജിബിയുടെ പല രേഖകളും സിഐഎയ്ക്ക് പിന്നീട് ലഭിച്ചിരുന്നു. കെജിബിയുടെ കൈവശമുണ്ടായിരുന്ന പിന്നീട് സിഐഎക്ക് ലഭിച്ച 250 പേജുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യമാണ് ഇക്കാലത്ത് വീണ്ടും ചര്‍ച്ചയാകുന്നത്.
AI Generated Image
അതില്‍ പറയുന്നത് ഇങ്ങനെയാണ്, സംഭവം നടക്കുന്നത് ശീതയുദ്ധകാലത്ത് 1989 ലോ 90 ലോ ആണ്. അന്യഗ്രഹ ജീവികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ സോവിയറ്റിന്റെ പട്ടാളക്കാര്‍ കല്ലുകളായി മാറി!. അതേ, 23 സോവിയറ്റ് പട്ടാളക്കാരെ അന്യഗ്രഹ ജീവികള്‍ കല്ലാക്കി മാറ്റി.
Also Read: മനുഷ്യനോ പ്രകൃതിയോ അതോ അന്യഗ്രഹ ജീവിയോ? കടലിലെ കടങ്കഥയായി യോനാഗുനി
കനേഡിയന്‍ വീക്ക്ലിയായ വേള്‍ഡ് ന്യൂസും യുക്രേനിയന്‍ പത്രമായ ഹോളോസ് യുക്രെയ്നിയും പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സംഗ്രഹം ഉള്‍ക്കൊള്ളുന്ന ഒരു പേജുള്ള റിപ്പോര്‍ട്ടാണിത്. ഇതില്‍ നിരവധി ചിത്രങ്ങളും ഡ്രോയിങ്ങുകളും ഏലിയനുമായുള്ള ഏറ്റുമുട്ടലിന്റെ ദൃക്സാക്ഷി വിവരണങ്ങളുമൊക്കെയുണ്ട്.
കെജിബിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, യുക്രൈന് അടുത്തുള്ളതോ അല്ലെങ്കില്‍ സൈബീരിയയിലോ ഉള്ള ഒരു മിലട്ടിറി ക്യാമ്പില്‍ പരിശീലനം നടത്തുകയായിരുന്നു 25 സോവിയറ്റ് പട്ടാളക്കാര്‍. ഇവരുടെ തലയ്ക്ക് മുകളിലൂടെ ഒരു സോസറിന്റെ ആകൃതിയുലുള്ള പറക്കുംതളിക താഴ്ന്നു വന്നു.ആകാശത്ത് അപ്രതീക്ഷിത വസ്തുവിനെ കണ്ടതോടെ സൈനികരില്‍ ഒരാള്‍ അതിനു നേരെ, ഒരു മിസൈല്‍ തൊടുത്തു. ഇതോടെ ആ യുഎഫ്ഒ താഴേക്ക് പതിച്ചു.
AI Generated Image
താഴേക്ക് പതിച്ച ആ പേടകത്തില്‍ നിന്നും വലിയ കറുത്ത കണ്ണുകളും വലിയ തലയുമുള്ള അഞ്ച് ചെറിയ ജീവികള്‍ പുറത്തു വന്നു. പുറത്തിറങ്ങിയ ഉടനെ ഇവ കൂടിച്ചേര്‍ന്ന് വലിയ ഗോളാകൃതിയിലുള്ള ഒറ്റ വസ്തുവായി മാറി. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വസ്തു വീണ്ടും വലുതായി വലിയൊരു പ്രകാശ സ്ഫോടനമുണ്ടായി. ഞൊടിയിടയില്‍ ഇതെല്ലാം നോക്കി നിന്ന 23 പട്ടാളക്കാര്‍ കല്ലായി മാറി. ഇതാണ് കെജിബിയില്‍ നിന്നും പിന്നീട് സിഐഎക്കു ലഭിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍.
ഇരുപത്തിയഞ്ച് സൈനികരാണല്ലോ പരിശീലനം നടത്തിയിരുന്നത്. അതില്‍ 23 പേരെ അന്യഗ്രഹ ജീവികള്‍ കല്ലാക്കി മാറ്റി. ബാക്കിയുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രകാശ സ്ഫോടനം നടക്കുന്ന സമയത്ത് ഈ രണ്ടു പേര്‍ ഒളിച്ചിരിക്കുകയാരുന്നത്രേ. മാത്രമല്ല, തകര്‍ന്ന ബഹിരാകാശ പേടകവും ശിലകളായി മാറിയ സൈനികരേയും കെജിബി മോസ്‌കോയ്ക്ക് അടുത്തുള്ള ഒരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
കല്ലായി മാറിയ സൈനികരുടെ തന്മാത്രാ ഘടനയില്‍ മാറ്റം വന്നിട്ടുണ്ടെന്നും ചുണ്ണാമ്പു കല്ലിന്റെ രൂപത്തിലായെന്നുമാണ് സോവിയറ്റ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. മനുഷ്യരെ കല്ലാക്കി മാറ്റിയ സ്ഫോടനത്തില്‍ ഉപയോഗിച്ച ആയുധമോ ഊര്‍ജമോ നിലവില്‍ ഭൂമിയിലുള്ള ശാസ്ത്രലോകത്തിന് മനസ്സിലാക്കാന്‍ കഴിയാത്തതാണെന്നും പറയപ്പെടുന്നു.
കെജിബിയുടെ ഫയല്‍ സത്യമാണെങ്കില്‍ അങ്ങേയറ്റം ഭയപ്പെടേണ്ട സാഹചര്യമാണെന്നാണ് സിഐഎ പറയുന്നത്. മനുഷ്യന്റെ സകല ധാരണകള്‍ക്കും അപ്പുറമുള്ള ആയുധങ്ങളും സാങ്കേതിക വിദ്യയും അന്യഗ്രഹ ജീവികളുടെ കൈവശമുണ്ടെന്നും ആക്രമിക്കപ്പെട്ടാല്‍ സ്വയം പ്രതിരോധത്തിന് അവര്‍ ഇതെല്ലാം ഉപയോഗിച്ചേക്കാമെന്നുമാണ് സിഐഎ മുന്നറിയിപ്പ് നല്‍കുന്നത്.
ഇതൊക്കെ ഉള്ളതാണോ ഉണ്ടാക്കിയതാണോ എന്ന് ചോദിച്ചാല്‍ അറിയില്ല. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ഈ വിശാലമായ പ്രപഞ്ചത്തിലെ ഇത്തിരിപ്പോന്ന കുഞ്ഞന്‍ ഗ്രഹത്തില്‍ ഇരുന്ന് നൂറായിരം കുഞ്ഞു പ്രശ്നങ്ങളുമായി ജീവിക്കുന്ന മനുഷ്യരായ നമുക്ക് ഇതൊക്കെ വേണമെങ്കില്‍ വിശ്വസിക്കാം, ഇല്ലെങ്കില്‍ ഒരു ഫാന്റസി കഥ പോലെ കേട്ടു രസിക്കാം.
പക്ഷേ, ഇതൊക്കെ വളരെ സീരിയസായി കാണുന്നവരും വിശകലനം ചെയ്യുന്നവരും നമുക്ക് ചുറ്റുമുണ്ട്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കാര്യങ്ങളില്‍ പലതും വിശ്വസിക്കാന്‍ സിഐഎയുലുള്ളവര്‍ തന്നെ തയ്യാറായിട്ടില്ല. അങ്ങനെയൊരാളാണ് മുന്‍ സിഐഎ ഉദ്യോഗസ്ഥനായ മൈക്ക് ബേക്കര്‍.
വിവരണത്തില്‍ പല ദുരൂഹതകളുമാണ് മൈക്ക് ബേക്കര്‍ ആരോപിക്കുന്നത്. സംഭവം യഥാര്‍ത്ഥത്തില്‍ നടന്നതാണെങ്കില്‍ തന്നെ, അത് ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ട് പോലെ ആയിരിക്കില്ലെന്നും പല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നുമാണ് മൈക്കിന്റെ സംശയം. പത്ത് മുപ്പത് കൊല്ലങ്ങള്‍ക്കു മുമ്പ് അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ വന്നുവെന്നും സോവിയറ്റ് സൈനികരെ ചുണ്ണാമ്പു കല്ലാക്കി മാറ്റിയെന്നും ഇപ്പോള്‍ അതിനെ കുറിച്ച് റിപ്പോര്‍ട്ട് വരുന്നതിലുമാണ് മൈക്കിന് സംശയം. യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയൊന്നുമായിരിക്കില്ലെന്ന് തന്നെ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ വിശ്വസിക്കുന്നു.