പൂർണമായി പ്രതിസന്ധി പരിഹരിക്കപ്പെടും വരെ ഇനിയും ബ്ലാക്ക്ഔട്ടുകൾ ഉണ്ടാകാമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി
ക്യൂബയിലെ പ്രധാന വൈദ്യുത ഉത്പാദന കേന്ദ്രത്തിലുണ്ടായ തകരാർ രാജ്യത്തെ രണ്ട് ദിവസമായി ഇരുട്ടിലാക്കിയിരിക്കുകയാണ്. ചെറിയ തോതിൽ വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും ക്യൂബയിലെ ഒരു കോടിയോളം ജനങ്ങൾ 50 മണിക്കൂറിലധികമായി ഇരുട്ടിൽ തന്നെയാണ്.
രണ്ട് ദിവസം രാജ്യത്തെ ഇരുട്ടിലാക്കിക്കഴിഞ്ഞു ക്യൂബയിലെ വൈദ്യുത പ്രതിസന്ധി. പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ അൻ്റോണിയോ ഗുട്ടെറസ് പവർ പ്ലാൻ്റിലുണ്ടായ സാങ്കേതിക തകരാറാണ് രാജ്യത്തെ ഇരുട്ടിലാക്കിയത്. ഇതുവരെ ചെറിയ തോതിൽ മാത്രമാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടുള്ളൂ. ക്യൂബയിലെ പത്ത് മില്യൺ ജനത്തെ ഇത് ബാധിച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കാതെ ഇനി വിശ്രമമില്ലെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് വ്യക്തമാക്കി.
നിലവിൽ അഞ്ചിൽ ഒരു ശതമാനം ജനങ്ങൾക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കാനായെന്നാണ് ക്യൂബൻ ഭരണകൂടം വ്യക്തമാക്കുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൂർണമായി പ്രതിസന്ധി പരിഹരിക്കപ്പെടും വരെ ഇനിയും ബ്ലാക്ക്ഔട്ടുകൾ ഉണ്ടാകാമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Also Read: ബെയ്ത് ലഹിയയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ മരണം 87 ആയി; വടക്കൻ ഇസ്രയേലിന് നേരെയും റോക്കറ്റാക്രമണം
അതേസമയം, രാജ്യത്തെ മൊത്തം പവർ പ്ലാൻ്റുകളുടെ പ്രവർത്തനത്തിൽ ചോദ്യങ്ങളുയരുകയാണ്. കാലപ്പഴക്കമുള്ള പ്ലാൻ്റുകളാണിതെന്നും കൃത്യമായി പരിപാലിക്കുന്നില്ലെന്നും ആരോപണമുണ്ട്. വൈദ്യുതി മുടക്കത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടുമില്ല. ക്യൂബയിൽ നേരത്തേയും 10 മുതൽ 20 മണിക്കൂർ വരെ വൈദ്യുതി മുടങ്ങിയിരുന്നു.
വൈദ്യുതി പ്രതിസന്ധി മുന്നിൽക്കണ്ട് സ്കൂളുകൾ അടക്കാനും അവശ്യസേവനങ്ങൾക്ക് പുറമെ ജോലി ചെയ്യുന്നവർ വീടുകളിലേക്ക് മടങ്ങാനും ഭരണകൂടം നിർദേശം നൽകിയിരുന്നു. മിൽട്ടൺ ചുഴലിക്കാറ്റും സ്ഥിതിഗതികൾ കൂടുതൽ മോശമാക്കി. വരും ദിവസങ്ങളിൽ ശക്തിപ്രാപിക്കുന്ന ഓസ്കാർ ചുഴലിക്കാറ്റും കൂടുതൽ പ്രതിസന്ധിയായേക്കും. അടുത്ത രണ്ട് ദിവസത്തേക്ക് രാജ്യത്ത് ശക്തമായി മഴയും കാറ്റും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.