ആരോഗ്യ വകുപ്പിലെ വിദഗ്ധ മെഡിക്കല്‍ സംഘം കൂടി ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണു പരുക്കേറ്റ ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഉമാ തോമസിന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. തലച്ചോറില്‍ ചെറിയ തോതില്‍ രക്തസ്രാവമുണ്ടെന്നാണ് മെഡിക്കല്‍ സംഘത്തില്‍ നിന്നും അറിയാന്‍ സാധിച്ചതെന്ന് വീണ ജോര്‍ജ് പറഞ്ഞു.
ആരോഗ്യ വകുപ്പിലെ വിദഗ്ധ മെഡിക്കല്‍ സംഘം കൂടി ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേയും എറണാകുളം മെഡിക്കല്‍ കോളേജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എത്തുന്നത്. ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് പുറമേയാണിത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവുമായി മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം നടത്തിയിരുന്നു. കൂടാതെ ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു.
ഉമ തോമസ് എംഎല്‍എ വീണതുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണം ആശങ്കപ്പെടുത്തുന്നതാണ്. കായികേതര പരിപാടികള്‍ക്ക് വേണ്ട സുരക്ഷ ക്രമീകരണം ഒരുക്കിയിരുന്നോ എന്ന് പരിശോധിക്കണമെന്നും എംപി ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ധസംഘം 11 മണിക്ക് എത്തുമെന്ന് മന്ത്രി പി രാജീവും അറിയിച്ചു.