തായ്‌ലൻഡിൽ നിന്നും മടങ്ങുന്ന ജേജു എയർ ഫ്ലൈറ്റ് 2216 ആയിരുന്നു അപകടത്തിൽപ്പെട്ടത്
ദക്ഷിണ കൊറിയയിൽ ലാൻ്റിങ്ങിനിടെയുണ്ടായ വിമാനാപകടത്തിൽ മരണസംഖ്യ 177 ആയി. മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. തായ്‌ലാൻഡിൽ നിന്നും മടങ്ങുന്ന ജേജു എയർ ഫ്ലൈറ്റ് 2216 ആയിരുന്നു അപകടത്തിൽ പെട്ടത്. രണ്ട് പേരൊഴികെ വിമാനത്തിലുണ്ടായിരുന്ന ബാക്കിയെല്ലാവരും മരിച്ചെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ നിലവിൽ 177 പേർ മരിച്ചതായി ദക്ഷിണകൊറിയ ഫയർ ഏജൻസി സ്ഥിരീകരിച്ചു.
ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. വിമാനത്തിന്‍റെ ലാന്‍ഡിംഗ് ഗിയറില്‍ പക്ഷിക്കൂട്ടം ഇടിച്ചുണ്ടായ തകരാറായിരിക്കാം അപകടകാരണമെന്നാണ് സൂചന.
181 പേരാണ് വിമാനത്തിൽ ആകെ ഉണ്ടായിരുന്നത്. അതിൽ 175 പേർ യാത്രക്കാരും 6 പേർ ജീവനക്കാരുമാണ്. ഇതുവരെ രണ്ട് പേരെ മാത്രമാണ് ജീവനോടെ കണ്ടെത്താനായത്. ഇവർ രണ്ടുപേരും വിമാനത്തിലെ ജീവനക്കാരാണ്. യാത്രക്കാരെ രക്ഷിക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കാൻ ആക്ടിംഗ് പ്രസിഡൻ്റ് ചോയ് സാങ്-മോക്ക് പ്രഖ്യാപിച്ചു. വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം അപകടത്തില്‍ മാപ്പുപറഞ്ഞ് വിമാനകമ്പനി ജെജു എയർലൈന്‍സ് രംഗത്തെത്തി.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ വിമാനാപകടമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കസാഖിസ്ഥാനിൽ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നു വീണ് 38 പേർ മരിച്ചിരുന്നു. ക്രിസ്മസ് ദിനത്തിൽ ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം തകർന്നുവീണത്.