പാതയുടെ അശാസ്ത്രീയമായ നിർമാണം അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതി കാലാകാലങ്ങളായി ഉന്നയിക്കപ്പെട്ടതാണ്
പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മണിക്കൂറുകൾക്കിടയിൽ ഉണ്ടായത് രണ്ട് അപകടങ്ങൾ. കോന്നി പുളിമുക്കിലും കോന്നി മുറിഞ്ഞ കല്ലിലുമാണ് അപകടമുണ്ടായത്. അപകടം പതിവായ പാതയാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത.
മൂന്നുമണിയോടെയായിരുന്നു കോന്നി കൂടൽ മുറിഞ്ഞകല്ലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ഇരു കാറുകളിലും ഉണ്ടായിരുന്ന പത്തനാപുരം, റാന്നി സ്വദേശികൾക്ക് പരുക്കേറ്റു. എന്നാൽ ആരുടെയും നില ഗുരുതരമല്ല. പത്തനാപുരം സ്വദേശികൾ വന്ന കാർ നിയന്ത്രണം വിടുകയായിരുന്നു. എതിരെ വന്ന കോന്നി സ്വദേശികൾ സഞ്ചരിച്ച കാർ വെട്ടിച്ചുമാറ്റാൻ ശ്രമിച്ചതോടെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ALSO READ: വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയില്‍ യുവാവിന് ദാരുണാന്ത്യം
മുറിഞ്ഞകല്ലിലെ അപകടത്തിന് തൊട്ടുപിന്നാലെലായിരുന്നു കോന്നി പുളിമുക്കിലെ അപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും പുനലൂർ ഭാഗത്തേക്ക് പോയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന നാലുപേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിലുള്ളവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി അപകടങ്ങളാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ദിനംപ്രതി ഉണ്ടാകുന്നത്. ആളുകൾക്ക് ജീവഹാനി സംഭവിക്കുന്നതും ഗുരുതര പരിക്കേൽക്കുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ട്. പാതയുടെ അശാസ്ത്രീയമായ നിർമാണം അപകടങ്ങൾക്ക് കാരണമാകുന്നു വെന്ന പരാതി കാലാകാലങ്ങളായി ഉന്നയിക്കപ്പെട്ടതാണ്. എന്നാൽ ഇതിന് ശാശ്വത പരിഹാരം ഇതുവരെയും ഉണ്ടായിട്ടില്ല.