ഏപ്രില്‍ 5 മുതൽ 11 വരെ നീണ്ടുനില്‍ക്കുന്ന വേനല്‍ മഴ രക്ഷാപ്രവർത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ
മ്യാന്‍മർ ഭൂകമ്പത്തില്‍ മരണസംഖ്യ 3000 കടന്നതായി റിപ്പോർട്ട്. ഇതുവരെ 3,003 പേർ ഭൂകമ്പത്തില്‍ മരിച്ചതായി ജപ്പാനിലെ മ്യാൻമർ എംബസി അറിയിച്ചു. 4,515 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 351 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും പുതിയ കണക്കുകള്‍ പറയുന്നു. അതേസമയം, ഏപ്രില്‍ 5 മുതൽ 11 വരെ നീണ്ടുനില്‍ക്കുന്ന വേനല്‍ മഴ രക്ഷാപ്രവർത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ദുരന്തബാധിതമേഖലകളായ മാന്‍ഡലെ, സഗായിംഗ്, നേയ്‌പിഡോ എന്നിവടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
മാർച്ച് 28ന് ഉച്ചയോടെയാണ് മ്യാൻമറിനെ പിടിച്ചു കുലുക്കിയ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നു. ഭൂകമ്പത്തെ തുടർന്ന് മ്യാൻമാറിൽ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ തായ്‌ലന്റിലും ഭൂചലനമുണ്ടായിരുന്നു. പന്ത്രണ്ട് തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയതായാണ് തായ് കാലവാസ്ഥാ വകുപ്പിന്റെ ഭൂകമ്പ നിരീക്ഷണ വിഭാഗം അറിയിച്ചത്.
ALSO READ: മ്യാൻമറിനെ പിടിച്ചുലച്ച ഭൂകമ്പം; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
ഭൂകമ്പം മുന്നൂറിലേറെ അണു ബോംബുകൾ ഒരുമിച്ച് ഉപയോഗിച്ചതിന് തുല്യമായ ഊർജമാണ് പുറത്തുവിട്ടതെന്നാണ് പ്രമുഖ അമേരിക്കൻ ജിയോളജിസ്റ്റ് ഫീനിക്സ് പറയുന്നത്. ഉണ്ടായ ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ മാസങ്ങളോളം നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് മ്യാൻമറിന് താഴെയുള്ള യുറേഷ്യൻ പ്ലേറ്റുമായി ഇടിച്ചുകൊണ്ടിരിക്കുന്നതിനാൽ ആണ് ഇത് സംഭവിക്കുന്നതെന്നും ഫീനിക്സ് പറയുന്നു.