മാർച്ച് 12ന് സംയുക്ത മത്സ്യത്തൊഴിലാളി സംഘടനകൾ പാർലമെൻ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഹൈബി ഈഡൻ എംപി അറിയിച്ചു
ആഴക്കടൽ ഖനന വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. പാർലമെൻ്റിന് അകത്തും പുറത്തും പ്രതിഷേധം അറിയിക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ തീരദേശ ഹർത്താലിന് പൂർണ പിന്തുണ നൽകുമെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു. മാർച്ച് 12ന് സംയുക്ത മത്സ്യത്തൊഴിലാളി സംഘടനകൾ പാർലമെൻ്റ് മാർച്ച് സംഘടിപ്പിക്കും. കേരളത്തിലെ മുഴുവൻ എംപിമാരും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആഴക്കടൽ ഖനനത്തിന്റെ സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാണിച്ച് പാർലമെന്റിൽ വിഷയം അവതരിപ്പിച്ചിരുന്നുവെന്നും കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇതുവരെ ചോദ്യങ്ങൾക്കുള്ള മറുപടി ഉണ്ടായിട്ടില്ലന്നും ഹൈബി ഈഡൻ വിമർശിച്ചു.
"മണൽ ഖനനത്തിൽ നിന്ന് ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിന്റെ സാമ്പത്തിക ലാഭമാണ് കമ്പനികളെ ഇതിലേക്ക് ആകർഷിക്കുന്നത്. യാതൊരു പഠനവും ഇല്ലാതെയുള്ള പ്രഖ്യാപനങ്ങളാണ് നടക്കുന്നത്. ഒരു പഠനവും നടത്തിയിട്ടില്ല. ഇതൊരു അദാനി-അംബാനി മിഷൻ ആക്കി മാറ്റാൻ നോക്കുന്നു. ഈ നീക്കം മത്സ്യ വരൾച്ചയ്ക്ക് കാരണമാകും. അതോടൊപ്പം ഇത് മത്സ്യത്തൊഴിലാളികളെയും ബാധിക്കും," എംപി പറഞ്ഞു.
അതേസമയം, സിഎസ്ആർ ഫണ്ട് തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ്റെ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിലും ഹൈബി ഈഡൻ എംപി വിശദീകരണം നൽകി. കോൺഗ്രസിൻ്റെ മാത്രമല്ല സിപിഎമ്മിൻ്റെ നേതാക്കളും അനന്തു കൃഷ്ണൻ്റെ പങ്കെടുത്തിട്ടുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമായ സിഎസ്ആർ പദ്ധതി എന്ന രീതിയിലാണ് എല്ലാവരും പങ്കെടുത്തതെന്നും ഹൈബി ഈഡൻ പറഞ്ഞു.