വിചാരണ നീട്ടാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നാണ് കോടതിയുടെ നിരീക്ഷണം
മേധാ പട്കർ നൽകിയ മാനനഷ്ടക്കേസിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയ്‌ക്ക് നേരിയ ആശ്വാസം. അധിക സാക്ഷിയെ വിസ്തരിക്കണമെന്ന മേധാ പട്കറിൻ്റെ ആവശ്യം ഡൽഹി കോടതി തള്ളി. വിചാരണ നീട്ടാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നാണ് കോടതിയുടെ നിരീക്ഷണം. വി.കെ. സക്സേന ഗുജറാത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്ന സമയത്തുള്ളതാണ് പ്രസ്തുത കേസ്. 24 വർഷം പഴക്കമുള്ള ഹർജി സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം 2003 ലാണ് സാകേത് കോടതിയിലേക്ക് മാറ്റിയത്.
മേധാ പട്കറിനും നർമ്മദ ബച്ചാവോ ആന്ദോളനുമെതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനാണ് സക്‌സേനയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പിന്നീട് തനിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് പട്കറിനെതിരെ സക്‌സേനയും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 2000 നവംബർ 25-ന് "ദേശസ്നേഹിയുടെ യഥാർത്ഥ മുഖം" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ അപകീർത്തി പരാമർശം നടത്തി എന്നാണ് സക്‌സേനയുടെ പരാതി. കേസിൽ കഴിഞ്ഞ വർഷം മേധാ പട്കറിന് 5 മാസത്തെ തടവ് ശിക്ഷ വിധിക്കുകയും ജാമ്യം ലഭിച്ചതോടെ ശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.