കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിബിലയുടെ കഴുത്തിലാണ് യാസർ കുത്തിയത്. ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കഴുത്തിലുള്ളത്. ശരീരമാസകലം യാസിർ കുത്തിപ്പരിക്കേൽപ്പിച്ച മറ്റ് 11 മുറിവുകളും. തടയാൻ ശ്രമിച്ച മാതാപിതാക്കളെയും യാസർ കുത്തിപ്പരിക്കേൽപ്പിച്ചു.
താമരശേരിയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ പ്രതി സ്വബോധത്തോടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ്. ലഹരി ഉപയോഗം മൂലമുള്ള കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് കണ്ടെത്തി. മരിച്ച ഷിബിലയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. ഈങ്ങാപ്പുഴ കരികുളം മദ്രസയിലെ പൊതുദർശനത്തിന് ശേഷം കരികുളം സുന്നി ത്വാഹ മസ്ജിദിലാണ് ഖബറടക്കം.
കഴിഞ്ഞ ജനുവരി 18ന്, യാസറിൻ്റെ സുഹൃത്തായ ആഷിക് ഉമ്മ സുബൈദയെ കൊലപ്പെടുത്തിയ വാർത്ത കേട്ട ശേഷം യാസിറിന്റെ ഭാര്യ ഷിബില ഭയത്തിലാണ് കഴിഞ്ഞിരുന്നത്. ഷിബില ഭയപ്പെട്ടതുപോലെ തന്നെ ഒടുവിൽ അത് സംഭവിച്ചു. ലഹരി ഉപയോഗം ഒരു കുടുംബത്തെ കൂടി ഇല്ലാതാക്കിയിരിക്കുന്നു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിബിലയുടെ കഴുത്തിലാണ് യാസർ കുത്തിയത്. ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കഴുത്തിലുള്ളത്. ശരീരമാസകലം യാസിർ കുത്തിപ്പരിക്കേൽപ്പിച്ച മറ്റ് 11 മുറിവുകളും. തടയാൻ ശ്രമിച്ച മാതാപിതാക്കളെയും യാസർ കുത്തിപ്പരിക്കേൽപ്പിച്ചു.
യാസറിന്റെ ലഹരി ഉപയോഗം കുടുംബ വഴക്കിലേക്ക് എത്തുകയായിരുന്നു. ലഹരി ഉപയോഗിക്കുന്നത് നിർത്താൻ ഷിബില പലവട്ടം യാസിറിനോട് ആവശ്യപ്പെട്ടിരുന്നു. അനുസരിക്കാതെ വന്നതോടെയാണ് ഷിബില കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോയത്. ഫോൺ വിളിച്ചും സാമൂഹിക മാധ്യമങ്ങൾ വഴിയും യാസർ ഉപദ്രവം തുടർന്നതോടെ ഷിബിലയും വീട്ടുകാരും താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഫെബ്രുവരി 28-ന് പരാതി നൽകിയിരുന്നു. ഷിബിലയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും യാസിറിന്റെ വീട്ടിലായിരുന്നു. പൊലീസിൽ പരാതി നൽകിയതിൽ പ്രകോപിതനായ യാസിർ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ച് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. എന്നാൽ പൊലീസിന്റെ തുടർ നടപടികൾ മധ്യസ്ഥ ചർച്ചയിൽ ഒതുങ്ങി.
കൊലയ്ക്ക് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിർ പിടിയിലായത്. പ്രതി ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. സ്വബോധത്തോടെയാണ് പ്രതി കുറ്റത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാസലഹരിയുടെ സാന്നിധ്യമില്ലെന്ന് തെളിഞ്ഞതോടെ വളരെ ആസൂത്രിതമായി, പുതിയ കത്തി വാങ്ങിയാണ് കുറ്റകൃത്യം ചെയ്തതെന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, മാതാവ് ഹസീന താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.