അക്രമികൾ പിന്തുടർന്നതോടെ പ്രസന്നകുമാർ പൊലീസ് സ്റ്റേഷനിലേക്ക് വാഹനം ഓടിച്ചെത്തി
ചങ്ങനാശ്ശേരി പായിപ്പാട് കരാറുകാരന് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. പായിപ്പാട് സ്വദേശി എസ്. പ്രസന്നകുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. പ്രസന്നകുമാറിന്‍റെ കാറ് അക്രമികൾ തല്ലി തകർത്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രസന്നകുമാർ പറയുന്നത്.
അക്രമികൾ പിന്തുടർന്നതോടെ പ്രസന്നകുമാർ പൊലീസ് സ്റ്റേഷനിലേക്ക് വാഹനം ഓടിച്ചെത്തി. മുൻപ് മൂന്ന് തവണ സമാനമായ രീതിയിൽ കരാറുകാരന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. അതിർത്തി തർക്കത്തെ തുടർന്നുള്ള അയൽവാസിയുടെ ക്വട്ടേഷനാണ് ആക്രമണമെന്നാണ് പ്രസന്നകുമാർ പറയുന്നു.
Also Read: പിണറായി സർക്കാരിൻ്റെ നാലാം വാർഷികം: ആഘോഷ പരിപാടികൾ ഏപ്രില്‍, മെയ് മാസങ്ങളില്‍
അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വടിവാൾ അടക്കമുള്ള ആയുധങ്ങൾ അക്രമികളുടെ കൈയ്യിലുണ്ടായിരുന്നു. വീടിന്‍റെ മുന്നിലുടെ സംഘം നടന്ന് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. സിസിടിവി ദൃശ്യത്തിൽ നാല് പേരാണ് ആയുധങ്ങളുമായി പ്രസന്നകുമാറിന്‍റെ കാറിനെ സമീപിക്കുന്നത്. പ്രസന്നകുമാർ വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ ഗുണ്ടാ സംഘം കാറിന് മുന്നിലേക്ക് ചാടി ആക്രമിക്കുകയായിരുന്നു.