സിംഗു അതിർത്തിയിൽ നിന്നാണ് സോനം വാങ്ചുക് ഉൾപ്പെടെ 120-ഓളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്
പരിസ്ഥിതി പ്രവർത്തകന്‍ സോനം വാങ്ചുക്കിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ലഡാക്കിലെ ലേയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഡൽഹി പൊലീസിൻ്റെ നടപടി ലജ്ജാവഹമാണെന്നായിരുന്നു സമരക്കാരുടെ മുദ്രാവാക്യം.
സിംഗു അതിർത്തിയിൽ നിന്നാണ് സോനം വാങ്ചുക് ഉൾപ്പെടെ 120-ഓളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ലഡാക്കിന് സംസ്ഥാന പദവിയടക്കം ആവശ്യപ്പെട്ട് നടത്തിയ ഡല്‍ഹി മാർച്ചിനിടെയായിരുന്നു അറസ്റ്റ്. ഡൽഹിയിൽ ഒക്‌ടോബർ 5 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചുവെന്നാണ് വാങ്ചുക്കിന്‍റെ പേരിലുള്ള കുറ്റം. ഒക്ടോബർ 2, ഗാന്ധി ജയന്തിക്ക് രാജ്ഘട്ടില്‍ അവസാനിക്കുന്ന വിധമാണ് മാർച്ച് ആഹ്വാനം ചെയ്തിരുന്നത്.
Also Read: നിരോധനാജ്ഞ ലംഘനം; പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് കസ്റ്റഡിയിൽ, ലഡാക്കിൽ ബന്ദ്
എന്‍ജിനീയറും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക് നൂതന വിദ്യാഭ്യാസ രീതികളും സുസ്ഥിര വികസന പ്രവർത്തനങ്ങളിലൂടെയുമാണ് പ്രസിദ്ധനായത്. മാർച്ച് 6ന് 35,00 മീറ്റർ മുകളില്‍ തണുത്തുറഞ്ഞ താപനിലയില്‍ വാങ്ചുക് പട്ടിണി സമരം നടത്തിയിരുന്നു. ലഡാക്കിന് സംസ്ഥാന പദവി, ഗോത്രവർഗ വിഭാഗങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ ഉൾപ്പെടുത്തൽ, ശക്തമായ പാരിസ്ഥിതിക സംരക്ഷണം എന്നിവയ്ക്കായി ആയിരുന്നു വാങ്ചുക്കിന്‍റെ പോരാട്ടം